കൊല്ലം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കും പത്രിക സ്വീകരണത്തിനുമായി ദേശീയ നേതൃത്വം നിയോഗിച്ച വരണാധികാരിയെ ഡി.സി.സി ഓഫീസിൽ കാലുകുത്താൻ അനുവദിച്ചില്ല. വരണാധികാരിയായ ആന്ധ്രപ്രദേശിലെ യൂത്ത് കോൺഗ്രസ് നേതാവ് നരസിംഹ റെഡ്ഢി നഗരത്തിലെ ഹോട്ടലിൽ തങ്ങുകയാണ്.
തിരഞ്ഞെടുപ്പ് നടപടികൾക്ക് കെ.പി.സി.സിയുടെ അനുമതി ഇല്ലാത്തതിനാൽ ഡി.സി.സി ഭാരവാഹികൾ നരസിംഹം റെഡ്ഢിയോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓഫീസ് പൂട്ടുകയും ചെയ്തു. എന്നാൽ ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ ദേശീയ നേതൃത്വം വരണാധികാരിക്ക് കർശന നിർദ്ദേശം നൽകി. ഇതോടെയാണ് വരണാധികാരി ഹോട്ടൽ മുറിയിൽ താമസമാക്കിയത്. ഹോട്ടലിൽ വരണാധികാരിയെ കാണാനെത്തിയവരെ എ, ഐ ഗ്രൂപ്പ് പ്രവർത്തകർ തടയുകയും ചെയ്തു.
കേരളത്തിൽ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് രീതി ഒഴിവാക്കണമെന്ന നിലപാടിൽ സംസ്ഥാന യൂത്ത് നേതൃത്വവും പാർട്ടി നേതൃത്വവും ഉറച്ചു നിൽക്കുകയാണ്. എ,ഐ ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. പക്ഷെ, നിശ്ചയിച്ചതുപോലെ തിരഞ്ഞെടുപ്പ് നടത്തിയേ മതിയാകൂ എന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം.