trupti-desai

ശബരിമല: ശബരിമല ദർശനം നടത്താൻ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കൊച്ചിയിൽ വന്ന സംഭവത്തോടെ നിലയ്ക്കലിലും പമ്പയിലും പൊലീസ് പരിശോധന കർശനമാക്കി. വനിതാ പൊലീസിന്റെ പ്രത്യേകസംഘം ഇവിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. പമ്പയിലേക്ക് കടത്തിവിടുന്ന ചെറുവാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞുനിറുത്തി പരിശോധിക്കുന്നുണ്ട്.

ഇതിന് പുറമേ നിലയ്ക്കൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ‌ിൽ ബസിനുള്ളിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്രയിൽ നിന്നെത്തിയ ഒരു ഡസനിലധികം യുവതികളെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിരുന്നു. പമ്പ ഗണപതി കോവിലിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ ദേവസ്വം ഗാർഡ് റൂമിന് സമീപം വനിതാ പൊലീസും ദേവസ്വത്തിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരും പരിശോധനയ്ക്കായുണ്ട്. സംശയം തോന്നുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമാണ് മല കയറാൻ അനുവദിക്കുന്നത്.

സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നുവെന്നും ആ സാഹചര്യത്തിൽ യുവതികളെ തത്കാലം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നുമുള്ള നിലപാടിലാണ് ദേവസ്വം ബോർഡും സർക്കാരും. അതേസമയം, ഇന്നലത്തെ സംഭവത്തോടെ ശബരിമല കർമ്മ സമിതി പ്രവർത്തകരുടെ ജാഗ്രത നിലയ്ക്കൽ,​ പമ്പ,​ സന്നിധാനം എന്നിവിടങ്ങളിലുണ്ട്. യുവതികളെത്തിയാൽ പ്രവേശിപ്പിക്കേണ്ടെന്ന നിർദ്ദേശമാണ് ഉന്നത തലങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ളതത്രേ. വണ്ടിപ്പെരിയാറിൽ നിന്ന് പുല്ലുമേട് വഴി കാൽനടയായി വരുന്ന തീർത്ഥാടകരെ വള്ളക്കടവ് സത്രത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. അതിനാൽ യുവതികൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയില്ല.

യുവതീ പ്രവേശന വിവാദം ഏറെക്കുറെ വിട്ടകന്നതോടെ ശബരിമലയിലേക്കെത്തുന്ന ഭക്തരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മണിക്കൂറുകൾ കാത്തുനിന്നാണ് തീർത്ഥാടകർ ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഈ സമയം പൊതുവേ പകൽ സമയം സന്നിധാനം കാലിയായിരുന്നു. തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ വരുമാനത്തിലും വർദ്ധനയുണ്ടായി. തീർത്ഥാടകർക്ക് യഥേഷ്ടം ശബരിമലയിൽ വന്ന് തങ്ങി പൂജകൾ നടത്തുന്നതിന് മറ്റ് നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതും തീർത്ഥാടക പ്രവാഹം വർദ്ധിപ്പിക്കുന്നതിന് സഹായകമായി.

പിന്നിൽ ഗൂഢാലോചന

ശബരിമല തീർത്ഥാടനം ശാന്തവും സമാധാനപരവുമായി നടന്നുവരുന്ന സാഹചര്യത്തിൽ ഭക്തജനങ്ങളെ വെല്ലുവിളിച്ച് ആക്ടിവിസ്റ്റുകൾ ആചാരലംഘനത്തിന് ശ്രമിക്കുന്നതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ശബരിമല കർമ്മസമിതി ആരോപിച്ചു.

മടങ്ങിപ്പോകാൻ തയ്യാറാകാതെ, ക്രമസമാധാന ലംഘനത്തിന് ഇടയാക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് കർമ്മസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ ആവശ്യപ്പെട്ടു. സർക്കാരിന്റെ അനുകൂലമായ നയത്തിൽ വിശ്വാസമർപ്പിച്ചാണ് ശബരിമലയിലും സംസ്ഥാനത്തും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കർമ്മ സമിതി പൂർണമായി സഹകരിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായപോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ശക്തമാക്കാൻ സർക്കാരിനും പൊലീസിനും ബാദ്ധ്യതയുണ്ടെന്നും എസ്.ജെ.ആർ.കുമാർ പറഞ്ഞു.