ksrtc
പുനലൂർ-അഞ്ചൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് മുന്നിൽ നിർമ്മിക്കാൻ പോകുന്ന പ്രവേശന കവാടത്തിന്റെ മാതൃക..

പുനലൂർ: പുനലൂർ - അഞ്ചൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ മുന്നിൽ പുതിയ പ്രവേശന കവാടം പണിയാൻ 40 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജു അറിയിച്ചു. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിൻെറ ആസ്തി വികസന ഫണ്ടിൽ നിന്ന് നേരത്തേ അനുവദിച്ച 1.60 കോടി രൂപയ്ക്ക് പുറമേയാണ് ഇപ്പോൾ 40 ലക്ഷം രൂപ കൂടി അനുവദിച്ചത്. ഡിപ്പോ നവീകരണത്തിന്റെ ഭാഗമായി യാർഡിൽ തറയോട് പാകാൻ 80 ലക്ഷവും, സമീപത്തെ പഴയ കെട്ടിടത്തിന് മുകളിൽ വനിതകളുടെ വിശ്രമ കേന്ദ്രം, ഓഫീസ് അടക്കം ആധുനിക സൗകര്യങ്ങളോടെയുളള രണ്ട് നിലകൾ കൂടി പണിയാൻ 80 ലക്ഷം രൂപയുമാണ് നേരത്തേ അനുവദിച്ചത്. എട്ട് മാസം മുമ്പ് ആരംഭിച്ച ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ അന്തിമഘത്തിലെത്തിയിരിക്കുന്നത്.

അതിനാലാണ് പുതിയ പ്രവേശന കവാടങ്ങൾ പണിയാൻ 40 ലക്ഷം രൂപ കൂടി വീണ്ടും അനുവദിച്ചത്. ഹാബിറ്റാറ്റിലാണ് പ്രവേശന കവാടത്തിന്റെ നിർമ്മാണ ചുമതല.

മന്ത്രി കെ. രാജുവിൻെറ ആസ്തി വികസന ഫണ്ടിൽ നിന്ന് നേരത്തേ അനുവദിച്ചത്: 1.60 കോടി

യാർഡിൽ തറയോട് പാകാൻ: 80 ലക്ഷം

പഴയ കെട്ടിടത്തിന് മുകളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് നിലകൾ കൂടി പണിയാൻ : 80 ലക്ഷം

പ്രവേശകന കവാടം പണിയാൻ 40ലക്ഷം രൂപ

വിവിധ പ്രദേശങ്ങളിൽ നിന്ന് ഡിപ്പോയിലെത്തുന്ന ബസുകൾക്ക് കയറാനും സർവീസിനായി പുറത്തേക്ക് പോകാനുമുള്ള രണ്ട് കവാടങ്ങളും, ഇതിനോട് ചേർന്ന് യാത്രക്കാർക്ക് ഇരിക്കാനുള്ള കാത്തിരിപ്പ് കേന്ദ്രവും, സെക്യൂരിറ്റി മുറിയും നിർമ്മിക്കാനാണ് ഇപ്പോൾ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ കൂടി അനുവദിച്ചത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച ബസ് ഡിപ്പോയായി പുനലൂർ കെ.എസ്.ആർ.ടി ഡിപ്പോ മാറും.

കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ മുന്നിൽ പുതിയ പ്രവേശന കവാടം പണിയാൻ 40 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്

മന്ത്രി കെ. രാജു

വിനോദ സഞ്ചാരികളും ശബരിമല തീർത്ഥാടകരും

വിനോദ സഞ്ചാരികൾക്ക് പുറമേ ശബരിമല തീർത്ഥാടകർ അടക്കമുളള യാത്രക്കാർ ഏറ്റവും കൂടുതൽ എത്തുന്ന പ്രധാന ബസ് ഡിപ്പോയാണ് പുനലൂരിലേത്. കല്ലടയാറിന്റെ തീരത്ത് അര നൂറ്റാണ്ട് മുമ്പ് പ്രവർത്തനം ആരംഭിച്ച ബസ് ഡിപ്പോയിൽ രണ്ട് നിലയിൽ പുതിയ കെട്ടിടവും ഷോപ്പിംഗ് കോംപ്ലക്സും പണിതിരുന്നു. എന്നാൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇത് മൂലം യാത്രക്കാർക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഇത് കണക്കിലെടുത്താണ് ഡിപ്പോയ്ക്കുളളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കാനും യാർഡിൽ തറയോട് പാകി മനോഹരമാക്കാനും നേരത്തേ പണികഴിപ്പിച്ച കെട്ടിടത്തിനു മുകളിൽ രണ്ട് നിലകൂടി പണിയാനും തീരുമാനിച്ചത്.