കൊല്ലം: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി മാറിയ കൊല്ലം കോർപ്പറേഷൻ ഭരണം നഗരവാസികൾക്ക് ശാപമായി മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന പഴമൊഴി ഇടത് മുന്നണിയുടെ ഭരണത്തിൽ 'കൊല്ലം കണ്ടാൽ മൂക്ക് പൊത്തണം ജനം' എന്ന് മാറ്റി എഴുതണമെന്നും അവർ പറഞ്ഞു. കൊല്ലം കോർപ്പറേഷൻ ഭരണത്തിൽ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
തെരുവുവിളക്കുകൾ കത്താത്തതുമൂലം ഇരുട്ട് പരക്കുന്ന തെരുവ് വീഥികളെ നോക്കി വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദമെന്ന് പാടുന്ന കോർപറേഷൻ ഭരണാധികാരികൾ ഇനിയെങ്കിലും കണ്ണ് തുറക്കണം. മാലിന്യം കൊണ്ട് മലീമസമായ നഗരത്തെ സാംക്രമിക രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കണം. അഴിമതി മുഖമുദ്റയാക്കിയ ഇടത് മുന്നണിയുടെ 20 വർഷത്തെ കോർപ്പറേഷൻ ഭരണം അവസാനിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ വരുന്ന തിരഞ്ഞെടുപ്പിൽ മുന്നിട്ടിറങ്ങണമെന്നും ബിന്ദുകൃഷ്ണ അഭ്യർത്ഥിച്ചു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.സി. രാജൻ, എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ്മതമ്പാൻ, ഇ. മേരിദാസൻ, കെ. സുരേഷ്ബാബു, മോഹൻശങ്കർ, കോയിവിള രാമചന്ദ്രൻ, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, പി. ജർമ്മിയാസ്, കെ.ജി. രവി, ജോർജ് ഡി. കാട്ടിൽ, എസ്. ശ്രീകുമാർ, ആദിക്കാട് മധു, ജി. ജയപ്രകാശ്, പ്രസാദ് നാണപ്പൻ, എം.എം. സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, സന്തോഷ് തുപ്പാശ്ശരി, കൃഷ്ണവേണി ശർമ്മ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, സേതുനാഥൻപിള്ള, എൻ. ഉണ്ണിക്കൃഷ്ണൻ, മുനമ്പത്ത് വഹാബ്, സേതുനാഥപിള്ള, സിസിലി സ്റ്റീഫൻ, ആർ. രമണൻ, ആർ. രാജ്‌മോഹൻ, കുഴിയം ശ്രീകുമാർ, എം. ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് കൗൺസിലർമാരായ അനിൽകുമാർ, അജിത്, ലൈലാകുമാരി, എസ്.ആർ. ബിന്ദു, ശാന്തിനി ശുഭദേവൻ, സോനിഷ, റീന സെബാസ്റ്റ്യൻ, ബെർലിൻ, മീനുലാൽ, ബ്ലോക്ക് -മണ്ഡലം - ബൂത്ത് ഡിവിഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് കോർപ്പറേഷന് മുന്നിൽ സമാപിച്ചു.