kottiyam-junction
കൊട്ടിയം ജംഗ്ഷൻ

കൊല്ലം: കൊട്ടിയം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം അശാസ്ത്രീയമാണെന്ന് വൈകിയാണെങ്കിലും പൊലീസ് തിരിച്ചറിഞ്ഞു. സിഗ്നൽ വന്നതിന് ശേഷം ജംഗ്ഷനിലെ തിരക്ക് കൂടുതൽ രൂക്ഷമായെന്ന് മനസിലാക്കിയ പൊലീസ് കഴിഞ്ഞ രണ്ട് ദിവസമായി സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനം നിറുത്തി വച്ചിരിക്കുകയാണ്.

ഒൻപത് മാസം മുമ്പാണ് കൊട്ടിയം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം ആരംഭിച്ചത്. സാധാരണഗതിയിൽ സിഗ്നൽ വരുന്നതോടെ ഗതാഗതം സുഗമമാകുന്നതാണ് പതിവ്. പക്ഷേ കൊട്ടിയം ജംഗ്ഷനിൽ വിപരീത ഫലമാണ് സൃഷ്ടിച്ചത്. സിഗ്നൽ വന്നതോടെ ജംഗ്ഷനിൽ ഗതാഗതകുരുക്ക് കൂടുതൽ രൂക്ഷമാകുകയായിരുന്നു.

സിഗ്നൽ സംവിധാനം ആരംഭിച്ചപ്പോൾ ലെറ്റ് തെളിയുന്നതിനുള്ള സമയക്രമം നിശ്ചയിച്ചിരിക്കുന്നത് അശാസ്ത്രീയമായമാണെന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെട്ടെങ്കിലും പൊലീസ് ആദ്യം അംഗീകരിച്ചില്ല. സിഗ്നൽ സൃഷ്ടിക്കുന്ന കുരുക്കഴിക്കാൻ സ്ഥിരമായി ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വന്നതോടെയാണ് പറ്റിയ അബദ്ധം ബോദ്ധ്യമായത്.

 സിഗ്നൽ വന്നതിന് ശേഷം സംഭവിച്ചത്

കണ്ണനല്ലൂർ, മയ്യനാട്, ഹോളിക്രോസ് റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിക്കാൻ കൂടുതൽ സമയം കാത്തുകിടക്കേണ്ടി വന്നു. വളരെ ഇടുങ്ങിയ മയ്യനാട് റോഡിൽ സിഗ്നൽ തെളിയുന്നതോടെയുള്ള വാഹനങ്ങളുടെ തിക്കിത്തിരക്ക് അപകടങ്ങൾ പതിവാക്കി.
ദേശീയപാതയിൽ കണ്ണനല്ലൂർ, മയ്യനാട് റോഡുകൾ ചേരുന്നിടത്തും ഹോളിക്രോസ് ചേരുന്നിടത്തും കഷ്ടിച്ച് 50 മീറ്രർ മാത്രം അകലത്തിൽ രണ്ട് ട്രാഫിക് സിഗ്നലുകൾ വന്നതും വാഹനയാത്രക്കാരെ കൺഫ്യൂഷനാക്കി. ചുവന്ന സിഗ്നൽ തെളിയുമ്പോൾ റോഡിൽ രൂപപ്പെടുന്ന വാഹനങ്ങളുടെ നീണ്ടനിര കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാനുള്ള ബുദ്ധിമുട്ടും ഇരട്ടിയാക്കി.

'കൊട്ടിയത്തെ ട്രാഫിക് സിഗ്നൽ സംവിധാനം വൈകിയെങ്കിലും പൊലീസ് തിരിച്ചറിഞ്ഞതിൽ സന്തോഷം. ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം ഗതാഗതം സുഗമമാക്കുന്ന തരത്തിൽ സിഗ്നൽ സംവിധാനം പുനസ്ഥാപിക്കണം.'

ആർ.എസ്. കണ്ണൻ (എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം)