കരുനാഗപ്പള്ളി: വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരുദേവ സന്ദേശം കേരളത്തിന്റെ മണ്ണിൽ പ്രാവർത്തികമാക്കിയ ഭരണാധികാരിയും സമുദായ നേതാവുമായിരുന്നു ആർ.ശങ്കറെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ ആർ.ശങ്കർ വഹിച്ച പങ്ക് നിർണ്ണായകമാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹ്യ നീതി കൈവരിക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയ ആർ.ശങ്കർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനായിരുന്നു പ്രഥമ പരിഗണന നൽകിയത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യത ഉറപ്പ് വരുത്തണമെന്ന് ലോകത്തോട് ആദ്യം കല്പിച്ച ഋഷീശ്വരനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർ എസ്.സലിംകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, പ്രേമചന്ദ്രൻ, രാജീവൻ, സദാശിവൻ, ശശിധരൻ, സഹദേവൻ, രഘുനാഥൻ, നന്ദനൻ, സിദ്ധാർത്ഥൻ, രാജീവൻ, ചന്ദ്രൻ, ചന്ദ്രാനന്ദൻ, ഗോപാലകൃഷ്ണൻ, സദാനന്ദൻ, ആനന്ദൻ, ബാബു, സാധു എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.