പത്തനാപുരം: വൈദ്യുതി വകുപ്പിലെ പല മന്ത്രിമാരും വീട്ടുകാര്യങ്ങൾവരെ നടത്തിയിരുന്നത് വകുപ്പിലെ പണം കൊണ്ടാണെന്നും ബോർഡിനുണ്ടായ കടക്കെണിക്ക് അതും ഒരുകാരണമാണെന്നും വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. എന്നാൽ, നിലവിലെ ബോർഡ് കാര്യക്ഷമമാണ്. താൻ വ്യക്തമായ നിലപാടുകളെടുത്ത് മുന്നോട്ട് പോകുന്നതാണ് ഈ കാര്യക്ഷമതയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. പ്രളയകാലത്ത് കോടികളുടെ നഷ്ടമുണ്ടായിട്ടും പ്രശ്നങ്ങൾ പത്തുദിവസം കൊണ്ട് തീർക്കാനായി.സമ്പൂർണ വൈദ്യുതീകരണവും,പവർകട്ട് ഇല്ലാതാക്കിയതും സർക്കാരിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുധങ്ങളുമായെത്തുന്ന നക്സലൈറ്റുകളെ സംരക്ഷിക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. അവർക്കായി ചിലർ വാദിക്കുന്നുണ്ട്.ഉത്തരവാദിത്വമുള്ള ഗവൺമെന്റിന് അത്തരക്കാരുടെ സിദ്ധാന്തങ്ങളെ അംഗീകരിക്കാനാകില്ല. ന്യായമായ രാഷ്ട്രീയ പ്രവർത്തനങ്ങളെ അംഗീകരിക്കാം.കേന്ദ്രസർക്കാർ കുത്തകമുതലാളിമാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. സിദ്ദീക്ക് റിപ്പോർട്ട് അവതരിപ്പിച്ചു.സി സുധീർ, എ ചന്ദ്രൻ,എൻ. ജഗദീശൻ,അഡ്വ. സജി,എസ് ഷാജി എന്നിവർ സംസാരിച്ചു