photo
ബി.എസ്.എൻ.എൽ പെൺഷണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.എസ്.രാമൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ബി.എസ്.എൻ.എല്ലിനെ തകർക്കുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ബി.എസ്.എൻ.എൽ പെൺഷണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ബി.എസ്.എൻ.എൽ നിലവിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടി നിറുത്തലാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.

വി.ആർ.എസ് നടപ്പാക്കുന്നതോടെ 60 ശതമാനത്തോളം ജീവനക്കാർ അടുത്ത വർഷം സർവീസിൽ നിന്ന് പിരിഞ്ഞുപോകും. ഇതോടെ ബി.എസ്.എൻ.എൽ പൂർണ്ണമായും തകർച്ചയിലാകും. 4G സംവിധാനം ഏർപ്പെടുത്തും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിനുള്ള യാതൊരു വിധ നടപടിയും ഇനിയും ആരംഭിച്ചിട്ടില്ല. പൊതുജനത്തെയാകെ കഷ്ടത്തിലാക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിൻതിരിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

അഖിലേന്ത്യാ പ്രസിഡന്റ് പി.എസ്. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി. ജോർജ്, സംഘടനാ സെക്രട്ടറി എസ്. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. പരമു എന്നിവർ സംസാരിച്ചു.