ഓച്ചിറ : പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇൻസിനറേറ്റർ പ്രവർത്തന സജ്ജമായി. ഇതോടെ പടനിലത്തെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. സാധാരണ നിലയിൽ പോലും പ്രതിദിനം ആയിരക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ഓച്ചിറ പടനിലത്ത് ടൺ കണക്കിന് മാലിന്യങ്ങളാണ് കുന്നുകൂടുന്നത്. ഇത് സംസ്കരിക്കുന്നതിന് കാര്യക്ഷമമായ യാതൊരു സംവിധാനവും ക്ഷേത്രത്തിൽ ഇല്ലായിരുന്നു. 19 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ഇൻസിനറേറ്ററിൽ എൽ.പി.ജിയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മാലിന്യങ്ങൾ കത്തുന്ന പുക ജലത്തിലൂടെ കടത്തിവിട്ട് കാർബണിനെ വേർതിരിച്ച ശേഷമാണ് പുറത്തേക്ക് വിടുന്നത്. ഒരു സമയം രണ്ട് ടൺ മാലിന്യമാണ് ഇൻസിനറേറ്ററിന്റെ പരമാവധി ശേഷി. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി പഞ്ചാപകേശന്റെ മേൽനോട്ടത്തിലാണ് ഇൻസിനറേറ്റർ സ്ഥാപിച്ചത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.