തൊടിയൂർ: കല്ലേലിഭാഗം ദിശ സാംസ്കാരിക പഠന കേന്ദ്രം നടപ്പാക്കുന്ന ഹരിതദിശ അടുക്കളത്തോട്ടം പദ്ധതി ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. തൊടിയൂർ യു.പി.എസിലെയും തൊടിയൂർ എസ്. എൻ.വി.എൽ.പി.എസിലെയും വിദ്യാർത്ഥികളുടെ കർഷക കൂട്ടായ്മയ്ക്കാണ് പച്ചക്കറിത്തൈകൾ വിതരണം ചെയ്തത്. ആയാസരഹിതമായും ശാസ്ത്രീയമാർഗങ്ങൾ അവലംബിച്ചുമുള്ള കൃഷിരീതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. ദിശയുടെ കാർഷിക ഉപസമിതി മുളപ്പിച്ചെടുത്തതാണ് തൈകൾ. കൃഷി ചെയ്യാൻ സന്നദ്ധത അറിയിച്ച 25 കുടുംബങ്ങളെയാണ് ആദ്യഘട്ടമായി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ദിശ സാംസ്കാരിക പഠനകേന്ദ്രം വൈസ് പ്രസിഡന്റ് ബി. ലവിന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജനതാ ഗ്രന്ഥശാലാ പ്രസിഡന്റ് ടി. മുരളീധരൻ, മാരാരിത്തോട്ടം ക്ഷീരോൽപാദക സഹ. സംഘം പ്രസിഡന്റ് പി. ഗോപാലക്കുറുപ്പ് , തൊടിയൂർ യു.പി.എസ് ഹെഡ് മിസ്ട്രസ് ഇൻചാർജ് വി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കെ.ഐ. നൗഷാദ് 'നടീലും വിളപരിപാലനവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. എസ്. അശോക് കുമാർ സ്വാഗതവും ഒ. അനീഷ് നന്ദിയും പറഞ്ഞു.