കൊല്ലം: ഭിന്നശേഷിക്കാരിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് ഭർത്തൃമതിയായ മറ്റൊരു യുവതിക്കൊപ്പം താമസമാക്കിയ യുവാവിനെ അറസ്‌റ്ര് ചെയ്‌തു. വടക്കേവിള ഐശ്വര നഗർ-44ൽ മുഹമ്മദ് ബിലാലാണ് (37) തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ബധിരയും മൂകയുമായ സ്‌ത്രീയെ ബിലാൽ നിയമപരമായി വിവാഹം ചെയ്‌തിരുന്നു. ഈ ബന്ധത്തിൽ പത്തും ഒമ്പതും വയസുള്ള രണ്ട് പെൺമക്കളുണ്ട്. ഇതിനിടെ നെയ്യാറ്റിൻകര സ്വദേശിയായ ഭർത്തൃമതിയുമായി ബിലാൽ അടുപ്പത്തിലാവുകയും കഴിഞ്ഞ ജൂലായ് 8ന് അവർക്കൊപ്പം മുങ്ങുകയുമായിരുന്നു. മൊബൈൽ നമ്പർ മാറ്റിയതിനെ തുടർന്ന് ടവർ ലൊക്കേഷൻ വഴി നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്ന് ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് കൊല്ലം സിറ്റി സൈബർ സെൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി തേനി ഭാഗത്താണെന്ന വിവരം ലഭിച്ചത്. ഇരവിപുരം പൊലീസ് തേനി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെട്രോൾ പമ്പിൽ ജോലി നോക്കിയിരുന്ന മുഹമ്മദ് ബിലാൽ പിടിയിലായത്. ഒപ്പം താമസിക്കുന്ന സ്‌ത്രീക്ക് ആദ്യ ബന്ധത്തിലുള്ള രണ്ട് ആൺ മക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇരവിപുരം സി.ഐ പി.അജിത്ത്കുമാർ, സൈബർ സെൽ എസ്.ഐ ജോഷി, എ.എസ്.ഐ മാരായ വിനോദ്, സജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിട്ടയച്ചു. മാസങ്ങളോളം കേസിന് ഒരു തുമ്പും ഉണ്ടാകാഞ്ഞതിനെ തുടർന്ന് ഇരവിപുരം പൊലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.