കരുനാഗപ്പള്ളി: വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും വിശ്രമിക്കുന്നതിനായി ആലുംകടവ് കായൽത്തീരത്ത് ഡി.ടി.പി.സി നിർമ്മിച്ച കായലോര ഇരിപ്പിടങ്ങൾ തകർച്ച നേരിടുന്നു. ആലുംകടവ് കായലോര വിശ്രമകേന്ദ്രത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വൈകുന്നേരങ്ങളിൽ കായലിലെ കാഴ്ചകൾ കാണാനായാണ് ഇരിപ്പിടങ്ങൾ നിർമ്മിച്ചത്. കായൽ തീരങ്ങളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ട് കരിങ്കൽ കൊണ്ടാണ് ഇിരിപ്പിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കായൽത്തീരത്തു നിന്ന് 4 അടിയോളം ഉയരത്തിലാണ് കരിങ്കൽ ഭിത്തി നിർമ്മിച്ചിട്ടുളത്.
കരിങ്കൽ ഭിത്തിക്ക് മുകളിൽ നിർമ്മിച്ച കമ്പിവേലി തുരുമ്പെടുത്ത് നശിച്ച് തുടങ്ങി. വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഇരിപ്പിടങ്ങളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. വിശാലമായി കിടക്കുന്ന ടി.എസ് കനാലിന്റെ ഓളപ്പരപ്പും അറബിക്കടലിലെ സൂര്യാസ്തമനവും വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അറബിക്കടലിലെ സൂര്യാസ്തമനം കാണുന്നതിനായി വിനോദ സഞ്ചാരികൾ ഗ്രീൻ ചാനലിൽ തമ്പടിക്കാറുണ്ട്. തകർച്ചയെ നേരിടുന്ന തീര സംരക്ഷണ ഭിത്തിയും ഇരിപ്പിടങ്ങളും അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗ്രീൻ ചാനൽ
കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ ആലുംകടവിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഗ്രീൻ ചാനലിൽ തങ്ങാറുള്ളത് പതിവാണ്. 19 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കരിങ്കൽ ഭിത്തി ഭാഗികമായി തകർന്നതോടെ വിനോദ സഞ്ചാരികൾക്ക് ഇരിക്കാൻ കഴിയാത്ത സ്ഥിതിയായി. ആലുംകടവ് കടത്ത് കടവ് മുതൽ ഗ്രീൻ ചാനൽ വരെയാണ് കരിങ്കൽ ഭിത്തി കെട്ടി ഇരിപ്പിടങ്ങൾ നിർമ്മിച്ചത്. വൈകുന്നേരങ്ങളിൽ കായൽത്തീരത്തെ ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് അറബിക്കടലിലെ സൂര്യാസ്തമനം കാണൽ ടൂറിസ്റ്റുകൾക്ക് ഏറെ പ്രീയ്രമായിരുന്നു.
19 വർഷങ്ങൾക്ക് മുമ്പ് കായൽത്തീരത്തു നിന്ന് 4 അടിയോളം ഉയരത്തിലാണ് കരിങ്കൽ ഭിത്തി നിർമ്മിച്ചിട്ടുളത്.