ഓച്ചിറ: ദക്ഷിണകാശിയെന്നു പുകൾപെറ്റ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് വിളക്ക് മഹോത്സവം നാളെ നടക്കും. വൈകിട്ട് അഞ്ചു മണിയോടെ ക്ഷേത്രഭരണ സമിതി അംഗങ്ങളും, ഭക്തജനങ്ങളും ചേർന്ന് പടനിലത്തെ കൽവിളക്കുകളിൽ എണ്ണ പകർന്നുതുടങ്ങും. വിളക്ക് കണ്ട് തൊഴാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത്. ശരണം വിളികളുടെയും, നാമജപങ്ങളുടെയും ഉച്ചസ്ഥായിയിൽ 6-30ന് കിഴക്ക് -പടിഞ്ഞാറേ ആൽത്തറകളിലും, ഒണ്ടിക്കാവിലും ദീപാരാധന നടക്കും. ക്ഷേത്ര കൽവിളക്കുകളെ കൂടാതെ കച്ചവടസ്ഥാപനങ്ങളിലും, ഭജനംപാർക്കുന്ന പർണ്ണശാലകളിലും ഭക്തജനങ്ങൾ ദീപാരാധനയ്ക്കു മുന്നോടിയായി അലങ്കാരദീപങ്ങൾ തെളിക്കും. ഇതോടെ പടനിലം പൂർണ്ണമായും ദീപപ്രഭയിൽ മുങ്ങും. വൃശ്ചികം ഒന്നു മുതൽ പടനിലത്തെ പർണ്ണശാലകളിലും, പ്രാർത്ഥനാ മണ്ഡപങ്ങളിലും ഭജനം പാർക്കുന്ന ആയിരങ്ങൾ നാളത്തെ ദീപാരാധന തൊഴുതശേഷമാണ് വീടുകളിലേക്ക് മടങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഭക്തജനങ്ങളുടെയും, സന്ദർശകരുടെയും എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് ശക്തമായ മുൻകരുതൽ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.