kunnathur
കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിൽ ടാറിംഗ് ഇളകിമാറ്റിയ നിലയിൽ

കുന്നത്തൂർ:കിഫ്ബിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്ന റോഡ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തകർന്നു.

നാട്ടുകാർ വിവരം അറിയിച്ചെങ്കിലും അധികൃതർ എത്തുകയോ പുനർനിർമ്മാണം നടത്തുകയോ ചെയ്തില്ലെന്ന് പരാതിയുണ്ട്.കരാറുകാരൻ തോന്നിയപോലെ നിർമ്മാണം നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ അര മണിക്കൂറോളം ടാറിംഗ് തടഞ്ഞിരുന്നു. രണ്ട് വർഷമായി നവീകരണത്തിന്റെ ഭാഗമായി റോഡ് പൂർണമായും ഉഴുതുമറിച്ചിട്ടിരിക്കുകയായിരുന്നു. കുണ്ടും കുഴിയുമായി കിടന്ന റോഡിൽ ഗതാഗതം അസാധ്യമായിരുന്നു.പൊടിശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയിട്ടും അധികൃതർ അനങ്ങിയില്ല. ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം മുതൽ കുന്നത്തൂർ പാലത്തിനു സമീപത്തു നിന്നും നിർമ്മാണം ആരംഭിച്ചത്.ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാൻ ടാറിംഗ് വൈകിട്ട് 6.30വരെ നടത്താമെന്ന അധികൃതരുടെ നിർദേശം ലംഘിച്ച് രാത്രി 8വരെ നടത്തിയതായും പരാതിയുണ്ട്.കിഫ്ബിയിലെ ഒരു ഉദ്യോഗസ്ഥ നേരിട്ടാണ് ഇതിനു വേണ്ട ഒത്താശ ചെയ്തു കൊടുത്തതത്രേ.അതിനിടെ ടാറിംഗിന്റെ പേരിൽ അപ്രതീക്ഷിതമായി പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ ഗതാഗതം വഴിതിരിച്ചുവിടുന്നതായും പരാതിയുണ്ട്.ഇന്നലെ ആറ്റുകടവ് ജംഗ്ഷനിൽ വച്ച് ഗതാഗതം വഴിതിരിച്ചുവിട്ടത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ ഏറെ വലച്ചു.പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാൻ കഴിയാതെ തിരികെ മടങ്ങുകയായിരുന്നു.കയ്യേറ്റങ്ങൾക്കു മുമ്പിൽ കണ്ണടച്ച് അശാസ്ത്രീയമായി നടത്തുന്ന നവീകരണത്തിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് നാട്ടുകാർ.