കൊട്ടാരക്കര: നരേന്ദ്രമോദി സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ. സജിലാൽ.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിൽക്കാനുള്ള നീക്കം രാജ്യത്തിന്റെ സമ്പദ് ഘടനയെ പാടെ തകർക്കുന്നതാണ്. സാധാരണക്കാരുടെ നിത്യജീവിതത്തെ തകർത്ത് അവരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട് ഗവൺമെന്റ് കോർപ്പറേറ്റ് വമ്പൻമാരുടെ കാവൽ ഭടനായി പ്രവർത്തിക്കുകയാണെന്നും സജിലാൽ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈശാഖ് സി. ദാസ്, വി.എസ്. പ്രവീൺ, അവിനീത വിൻസന്റ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ. അധിൻ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ നോബൽ ബാബു, എം.ആർ. ശ്രീജിത്ത് ഘോഷ്, വി. വിനേഷ്, എസ്. അർഷാദ്, ആസിഫ് സത്താർ, വരുൺ, പി. പ്രവീൺ, എ. നൗഷാദ്, എൻ.ആർ. ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.