മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ പട്ടംതുരുത്ത് വെസ്റ്റ് വാർഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ഇരുപതോളം പേർക്ക് കടന്നൽ കുത്തേറ്റു. മാരകമായി പരിക്കേറ്റ ലക്ഷം വീട്ടിൽ ഗോമതി (70), ലക്ഷ്മി (21) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃദീപ്, ദേവകി, ശ്യാം, സരിത, അശ്വതി, ഹരീഷ്, ബാബു, ശാന്ത എന്നിവരെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവർ കുണ്ടറ താലുക്കാശുപത്രിയിൽ ചികിത്സ തേടി.
വൈകിട്ട് ആഞ്ഞിലിമരത്തിലുള്ള കടന്നൽ കൂട്ടിൽ രണ്ട് പരുന്തുകൾ കൊത്തുകൂടി ചെന്നിടിച്ചതിന്റെ ഫലമായി കടന്നൽ കൂടിളകി തറയിൽ വീണു. കൂട്ടിൽ നിന്നിളകിയ കടന്നലുകൾ മുറ്റത്ത് വിറക് അടുക്കിക്കൊണ്ട് നിന്ന ലക്ഷംവീട് കോളനിയിലെ ഗോമതിയെ കുത്തുകയായിരുന്നു.കുത്തേറ്റ വേദന കൊണ്ട് പുളഞ്ഞ് ഇവർ കായലിൽ ചാടി.ഇതു കണ്ട് ഓടിയെത്തിയവരെയെല്ലാം കടന്നൽ കുത്തി.കുണ്ടറയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയെങ്കിലും അപ്പോഴേക്കും ഇരുട്ടിയതിനാൽ ഇവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
യാതൊരു വാഹനവും എത്തിച്ചേരാൻ കഴിയാത്ത ഈ വാർഡിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പെടാപ്പാടുപെടുകയാണ്. മാരകമായി പരിക്കേറ്റ ഗോമതിയെ ചുമന്നുകൊണ്ട് റെയിൽവേ ട്രാക്ക് മറികടന്നാണ് ആംബുലൻസിലെത്തിച്ചത്. വാഹനം എത്താത്ത ഈ വാർഡിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് നിരവധി തവണ കേരള കൗമുദി വാർത്തകൾ പ്രസദ്ധീകരിച്ചിട്ടുണ്ട്.