ഓയൂർ: റോഡുവിള ചെറിയവെളിനല്ലൂരിൽ പിഞ്ചുകുഞ്ഞിനെ അയൽവാസിയുടെ കോഴി കൊത്തി പരിക്കേല്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്കിയ പിതാവിനെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദ്ദിച്ചു. ചെറിയ വെളിനല്ലൂർ അർച്ചനാ വിലാസത്തിൽ ഉമേഷിനാണ് (30) മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തടത്തിവിള പാറവിളവീട്ടിൽ ഷെർനസ് (28), ഗ്രീജ ഭവനിൽ ഗ്രീജിത്ത് (27), ആക്കൽ കണ്ണംകോട്ട് മലകുണ്ടയത്ത് പാറവിള വീട്ടിൽ ഷെഹിൻ (23) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു.
രണ്ടുദിവസം മുമ്പ് ഉമേഷിന്റെ രണ്ടു വയസുള്ള മകൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ അയൽവാസിയായ ശ്രീജിത്തിന്റെ വീട്ടിലെ കോഴി കുട്ടിയുടെ മുഖത്ത് കൊത്തിപ്പരിക്കേല്പിച്ചു. സാരമായി പരിക്കേറ്റ കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചികിത്സയ്ക്ക് പണം വേണമെന്ന് ഉമേഷ് ശ്രീജിത്തിനോട് ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറായില്ല. തുടർന്ന് ശ്രീജിത്തിനെതിരെ ഉമേഷ് പൂയപള്ളി പൊലീസിൽ പരാതി നല്കി. ഇതറിഞ്ഞ് ശ്രീജിത്തും കൂട്ടുകാരും കഴിഞ്ഞ ദിവസം ബൈക്കിൽ പോവുകയായിരുന്ന ഉമേഷിനെ തടഞ്ഞുനിർത്തി ഇടികട്ട പയോഗിച്ച് മുഖത്തും ശരീരത്തും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. സാരമായി പരിക്കേറ്റ ഉമേഷ് ആശുപത്രിയിൽ ചികിത്സ തേടി. പൂയപ്പള്ളി സി. ഐ. വിനോചന്ദ്രൻ, എ.എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒ.ഹരി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.