കൊല്ലം: അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ആരോഗ്യ വകുപ്പിന്റെയും അഗ്നി സുരക്ഷാ സേനയുടെയും നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ മോക്ഡ്രിൽ നടത്തി.
ആശുപത്രിയിലെ സർജിക്കൽ വാർഡിൽ 'സജ്ജീകരിച്ച' തീപിടിത്തം കണ്ടുനിന്നവരിൽ ആദ്യം ആശങ്ക പരത്തിയെങ്കിലും പിന്നാലെ വന്ന അഗ്നി സുരക്ഷാ സേനയുടെ മോക് ഡ്രിൽ അറിയിപ്പ് പിരിമുറുക്കത്തിന് അയവ് വരുത്തി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ സ്ഥലത്തെത്തി കർമ്മനിരതനായി. രക്ഷാപ്രവർത്തനത്തിന്റെ ചിട്ടയായ പ്രവർത്തനമാണ് തുടർന്ന് നടന്നത്.
ഒരു ദിവസം 3000 ലധികം ആളുകൾ എത്തുന്ന ജില്ലാ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായാലുള്ള രക്ഷാപ്രവർത്തനവും തീ അണയ്ക്കുന്നതും സേനാംഗങ്ങൾ പ്രദർശിപ്പിക്കുകയും വിശദീകരണം നടത്തുകയും ചെയ്തു. ജില്ലാ അഗ്നി സുരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. ശശിധരൻ നേതൃത്വം നൽകി.
ആശുപത്രികൾക്കായി പ്രത്യേക ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ മോക്ഡ്രിൽ വിലയിരുത്തിയ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ആർ. സന്ധ്യ എക്സിറ്റ് പോയിന്റുകൾ കൂടുതൽ സുരക്ഷിതമാക്കണമെന്ന് നിർദ്ദേശിച്ചു. അത്യാഹിത ഘട്ടത്തിൽ അഗ്നിസുരക്ഷ സേനയുടെ വാഹനങ്ങൾക്ക് പെട്ടെന്ന് ആശുപത്രിയിലേക്ക് കടന്ന് രക്ഷാപ്രവർത്തനം നടത്തുന്നത്തിന് പ്രധാന കവാടത്തിന്റെ വീതി കൂട്ടണമെന്നു അവർ ആവശ്യപ്പെട്ടു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കെ.എസ്.ഇ.ബി, ജലവിഭവം, പൊലീസ് എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ. മണികണ്ഠൻ, ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ പി. പ്രകാശൻ പിള്ള, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഡി. വസന്തദാസ്, ആർ.എം.ഒ ഡോ. അനുരൂപ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.