avani

കാഞ്ഞങ്ങാട്: "എന്ത് നിൻ മിഴിയിണ തുളുമ്പുന്നുവോ സഖീ, ചന്തം നിറയ്‌ക്കുകീ ശിഷ്ട ദിനങ്ങളിൽ.."- അതിജീവനത്തിന്റെ ഭൂമികയിൽ നിന്ന് കവിതചൊല്ലുന്ന അവനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കഥയറിയാവുന്ന ആരുടെയും കണ്ണ് നിറയും. അവരോട് അവനിക്ക് പറയാനുള്ളതും കവി എൻ.എൻ. കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയിലെ ഈ വരികളാണ്.

കാൻസർ സമ്മാനിച്ച വേദനയുടെ കയ്പുനീർ കുടിച്ചിറക്കി, മരണത്തെ മുന്നിൽക്കണ്ട കവി ജീവിതയാത്ര സഫലമെന്ന് പറയുന്ന കവിത അവൾക്ക് മനഃപാഠമാണ്. വിധി നീട്ടിയ രോഗബാധയോട് പൊരുതുമ്പോഴും മിഴിനീർ ചവർപ്പ് പെടാതെ ജീവിതമാകുന്ന മധുപാത്രം അടിയോളം മോന്തുകയാണവൾ. അതിനുള്ള കളരിയാണ് അവനിക്ക് ഈ കലോത്സവം. സമ്മാനങ്ങളുടെ ജയവും തോൽവിയും അവനിക്ക് പ്രശ്നമല്ല. തോൽക്കാനൊരുക്കമല്ലെന്ന് മാത്രം, അത് വിധിയോടും ജീവിതത്തോടും! തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ അവനി ഹൈസ്കൂൾ വിഭാഗം മലയാളം കവിതാലാപനത്തിനും കഥകളി സംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും മത്സരിക്കാനാണ് ഇന്നലെ അച്ഛനും അമ്മയ്ക്കുമൊപ്പം കാഞ്ഞങ്ങാട്ട് എത്തിയത്. കവിതാലാപന മത്സരം ഇന്ന് രാവിലെ തുടങ്ങും. കഴിഞ്ഞ വർഷം കലോത്സവത്തിൽ പങ്കെടുക്കാൻ വിധി അനുവദിച്ചില്ല. കലോത്സവം തുടങ്ങാനൊരുങ്ങവെയാണ് കാൻസർ രോഗം അവനിയിൽ സ്ഥിരീകരിച്ചത്. പിന്നെ ചികിത്സയുടെ നാളുകൾ. അതിനിടയിൽ ഡൽഹിയിൽ പോയി സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗിന്റെ സംഗീത പരിപാടിയിൽ പങ്കെടുത്ത് സ്കോളർഷിപ്പ് നേടി. പച്ചക്കറി വ്യാപാരിയായ വെഞ്ഞാറമൂട് ആലന്തറ കിളിക്കൂട്ടിൽ എ. ശിവപ്രസാദിന്റെയും സതിജയുടെയും മകളായ അവനി നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്. തോറ്റുപോകുമെന്ന് പലരും കരുതിയിടത്തുനിന്നും കലയെ മുറുകെപ്പിടിച്ച് അവനി ജീവിതത്തിലേക്ക് കുതിക്കുകയാണ്. എം.എൻ. പാലൂരിന്റെ ഉഷസ് എന്ന കവിതയാണ് ജില്ലാ കലോത്സവത്തിൽ ആലപിച്ചത്. എന്നാൽ എപ്പോഴും ഇഷ്ടം 'സഫലമീയാത്ര'യാണെന്ന് അവനി പറയുന്നു. വേദനകളെ മറന്ന് പാടാനെത്തിയവൾ മറ്റുള്ളവർക്കും ആശംസകൾ നേരുകയാണ്.