കൊല്ലം: റെയിൽവെ സ്റ്റേഷന് സമീപം കർബലയിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച രണ്ട് പുത്തൻ കെട്ടിടങ്ങൾ പാമ്പ് വളർത്തൽ കേന്ദ്രമായി മാറി. കെട്ടിടങ്ങൾക്ക് ചുറ്റും രണ്ടാൾ പൊക്കത്തിൽ കാടുകയറി കിടക്കുകയാണ്. ഇവിടം താവളമാക്കുന്ന ഇഴജന്തുക്കൾ തൊട്ടടുത്തുള്ള സ്ഥാപനങ്ങൾക്കും റെയിൽവേ ക്വാർട്ടേഴ്സിലെ താമസക്കാർക്കും ഭീഷണി ഉയർത്തുകയാണ്.
ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും ഓഫീസ് കെട്ടിടങ്ങളാണ് അവശേഷിക്കുന്ന മിനുക്ക് പണികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ പാമ്പ് വളർത്തൽ കേന്ദ്രമായിരിക്കുന്നത്. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷത്തിലേറെയായി. ഇനി അവശേഷിക്കുന്ന ഓഫീസ് സൗകര്യങ്ങളുടെ സജ്ജീകരണം പൊതുമരാമത്ത് വകുപ്പ് അനന്തമായി നീട്ടുകയാണ്. പലതവണ ടെണ്ടർ ചെയ്തിട്ടും ആരും കരാർ എടുക്കുന്നില്ലെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസ് കെട്ടിടം പൂർത്തിയായിട്ട് ആറ് മാസം പിന്നിടുന്നു. വൈദ്യുതീകരണമാണ് ഇനി ശേഷിക്കുന്നത്.
ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഓഫീസ് ഇപ്പോൾ കളക്ടറേറ്റിലെ കുടുസുമുറിയിലാണ് പ്രവർത്തിക്കുന്നത്. ഈ ഓഫീസിൽ സ്ഥല പരിമിതി കാരണം ഉദ്യോഗസ്ഥരും പരാതിക്കാരും ശ്വാസംമുട്ടുമ്പോഴാണ് പുതിയ കെട്ടിടത്തിൽ കാടുകയറുന്നത്. കടപ്പാക്കടയിൽ വാടക കെട്ടിടങ്ങളിലാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ ജില്ലാ ഓഫീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.