മൂന്നാമത്തേതും അവസാനത്തേതുമായ അണപ്പല്ലുകൾ സാധാരണയായി 17- 21 വയസിനുള്ളിൽ മോണയുടെ അവസാന ഭാഗത്തായി മുളച്ചുവരുന്നു. ഇവയെയാണ് നമ്മൾ വിസ്ഡം ടൂത്ത് എന്ന് പറയുന്നത്. നിരതെറ്റിയാലും പൂർണമായും മുളച്ചുവരാതിരിക്കുകയും ചെയ്യുന്ന വിസ്ഡം ടൂത്തുകളെ എടുത്തുകളയേണ്ടതായി വരും. ഇത്തരം മുളച്ചുവരാതെ കുടുങ്ങിക്കിടക്കുന്ന പല്ലുകളെ ഇംപാക്ട് ടൂത്ത് എന്നാണ് പറയുക.
പല്ല് അതിന്റെ യഥാസ്ഥലത്ത് പൂർണമായും മുളച്ചുവരാത്ത സാഹചര്യത്തെയാണ് ഇംപാക്ഷൻ എന്ന് പറയുന്നത്. മുളച്ചുവരാത്ത പല്ലിന്റെ ദിശ, ആഴം, മുളച്ചവരാൻ ലഭ്യമായ സ്ഥലം, മുളച്ചുവരേണ്ട പല്ലിന്റെ മുകളിലുള്ള എല്ല് എന്നിവ അടിസ്ഥാനമാക്കി ഇത്തരം പല്ലുകളെ പലതായി തരംതിരിച്ചിരിക്കുന്നു.
പ്രധാന കാരണങ്ങൾ
താടി എല്ലിൽ പല്ലുകൾ മുളച്ചുവരാനുള്ള സ്ഥലക്കുറവ്
ദിശ തെറ്റി മുളയ്ക്കുന്നത്
മുളച്ചുവരേണ്ട സ്ഥലത്ത് മറ്റു പല്ലുകൾ സ്ഥിതിചെയ്യുന്നതു മൂലമുണ്ടാകുന്ന തടസങ്ങൾ
പല്ലിന്റെ മുകളിലുള്ള താടിയെല്ലിന്റെ കട്ടികൂടുതൽ
താടിയെല്ലിന്റെ വലിപ്പക്കുറവ് മൂലമുള്ള സ്ഥലപരിമിതി
ലക്ഷണങ്ങൾ
വിസ്ഡം ടൂത്തുകൾക്ക് ചുറ്റും മോണപഴുപ്പും നീർവീക്കവും ഉണ്ടാകാനുള്ള സാദ്ധ്യത
താടിയെല്ലിന്റെ വേദന
വാ തുറക്കാനുള്ള പ്രയാസം
ഭക്ഷണം ചവച്ചരയ്ക്കാനുള്ള ബുദ്ധിമുട്ടുകൾ
ചെവിയിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള വേദന
തൊട്ടടുത്ത പല്ലിന് ഉണ്ടാകുന്ന കേടുപാടുകൾ
(പൂർണമായി മുളച്ചതും ദന്തനിരയിൽ ഉള്ളതുമായ വിസ്ഡം ടൂത്തുകൾ എടുത്തുകളയേണ്ടതില്ല. മേൽപ്പറഞ്ഞ ദന്ത ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഒരു വിദഗ്ദ്ധ ദന്ത ഡോക്ടറുടെ സഹായം തേടണം)
താടിയെല്ലിൽ കുടുങ്ങിക്കിടക്കുന്ന വിസ്ഡം ടൂത്ത് തൊട്ടടുത്തുള്ള പല്ലുകളിൽ സമ്മർദ്ദം ചെലുത്താറുണ്ട്. ഇത് പിന്നീട് തൊട്ടടുത്തുള്ള പല പല്ലുകളുടെയും വേരുകൾക്ക് ക്ഷതം സംഭവിക്കാനും പല്ലിൽ പോടുകൾ ഉണ്ടാക്കാനും ഇടയാക്കുന്നു. കുടുങ്ങിക്കിടക്കുന്ന പല്ലുകളിൽ നിന്ന് ഡിസ്റ്റുകൾ രൂപപ്പെടാനും തത്ഫലമായി താടിയെല്ലിൽ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. കുടുങ്ങിക്കിടക്കുന്ന പല്ലിന് ചുറ്റും ഭക്ഷണപദാർത്ഥങ്ങൾ അടിഞ്ഞുകൂടാനുള്ള സാദ്ധ്യത ഏറെയാണ്. ഇവ മോണരോഗങ്ങൾക്ക് വഴിയൊരുക്കും.
ശ്രദ്ധിക്കേണ്ടവ
പ്രമേഹം, ബി.പി എന്നിവ നിയന്ത്രണ വിധേയമാണെന്ന് ഉറപ്പ് വരുത്തുക
ഇതിനുശേഷം മാത്രമേ ശസ്ത്രക്രിയ ചെയ്യാൻ പാടുള്ളു
രക്തസംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് ദന്തഡോക്ടറെ അറിയിക്കുക
ഡോക്ടറുടെ നിർദ്ദേശം കൃത്യമായി പാലിക്കുക
ഡോ.ബിൻസി അഫ്സൽ
ജൂനിയർ റസിഡന്റ്, ചലഞ്ചർ ലേസർ
സ്പെഷ്യാലിറ്റി ഡെന്റൽ ക്ളിനിക്,
കരുനാഗപ്പള്ളി.
ഫോൺ: 8547346615.