oachira

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസമായി നടന്നുവന്ന സർവമഹോത്സവത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് മൂന്നിന് ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ പ്രൊഫ. എ. ശ്രീധരൻപിള്ള അദ്ധ്യക്ഷനായിരിക്കും.

സമാപന ദിവസമായ ഇന്ന് വൈകിട്ട് പടനിലത്തെ കൽവിളക്കുകളിൽ ദീപം തെളിക്കുന്നതാണ് പ്രധാന ചടങ്ങ്. പന്ത്രണ്ട് വിളക്ക് കണ്ട് തൊഴാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് പടനിലത്തേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ പന്ത്രണ്ട് ദിനരാത്രങ്ങളിൽ പടനിലത്തെ പർണ്ണശാലകളിൽ ഭജനം പാർത്തുവരുന്ന ഭക്തജനങ്ങൾ ദീപാരാധനയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങും. കൃഷ്ണശിലയിൽ തീർത്ത വിവിധ തരത്തിലുള്ള അഞ്ഞൂറിൽപരം വിളക്കുകളാണ് പടനിലത്തുള്ളത്. ഭക്തജനങ്ങളും ഭരണസമിതി അംഗങ്ങളും ചേർന്ന് ഇവയിൽ ദീപം പകരുന്നതോടെ ശരണംവിളി അന്തരീക്ഷത്തിൽ അലയടിക്കും. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ മഹോത്സവത്തിന് സമാപനമാകും. പ ന്ത്രണ്ട് വിളക്ക് മഹോത്സവത്തിന് ശക്തമായ സുരക്ഷയും വിപുലമായ സജ്ജീകരണവും ഒരുക്കിയെന്ന് പ്രസിഡന്റ്‌ പ്രൊഫസർ ശ്രീധരപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ് എന്നിവർ അറിയിച്ചു.