amrutha

അമൃതപുരി: അമൃത വിശ്വവിദ്യാപീഠത്തിന്റെ എൻജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനിറ്റേറിയൻ ടെക്‌നോളജി ലാബ്‌സിന്റെ (ഹട്ട് ലാബ്‌സ്) വാർഷിക പരിപാടിയായ റോബോഫസ് 2020 ജനുവരി 10, 11 തീയതികളിൽ സംഘടിപ്പിക്കുന്നു. ഒൻപതു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി അമൃത സ്‌കൂൾ ഓഫ് എൻജിനീയറിംഗിന്റെ അമൃതപുരി കാമ്പസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മനുഷ്വത്വപരമായ കാര്യങ്ങൾക്കായി റോബോട്ടിക്‌സ് ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോബോഫസ് സംഘടിപ്പിക്കുന്നത്. റോബോട്ടുകൾ നിർമ്മിക്കുന്നതിനായി വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയെയും ചിന്താ രീതിയെയും രൂപപ്പെടുത്തുന്നതിനായി കസ്റ്റമൈസ് ചെയ്ത പ്ലാറ്റ്‌ഫോം വിദ്യാർത്ഥികൾക്ക് റോബോഫസ് 2020 യിലൂടെ ലഭ്യമാകും.
ഒൻപത് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്കായി കാറ്റഗറി 1, പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കാറ്റഗറി 2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് റോബോഫസ് സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ ഒരു അദ്ധ്യാപകൻ മെന്ററായി പ്രവർത്തിക്കും. രൂപകൽപ്പനയോ ആശയമോ വികസിപ്പിക്കുന്നതിന് ഹട്ട് ലാബ്‌സ് സഹായിക്കും. പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ഫീ ഇല്ല. ഡിസംബർ ഏഴ് വരെ https://www.amrita.edu/event/robofuss2020 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
2012-ൽ ആരംഭിച്ച ഹട്ട് ലാബ്‌സ് ആരോഗ്യസേവനം, മനുഷ്യസഹായത്തിനുള്ള ഉപകരണങ്ങൾ, എംബഡഡ് സിസ്റ്റംസ് എന്നീ മേഖലകളിലുള്ള റോബോട്ടിക്‌സിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അമൃത സ്‌കൂൾ എൻജിനീയറിംഗിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. രാജേഷൻ കണ്ണൻ മേഘലിംഗമാണ് ഹട്ട് ലാബ്‌സിന് നേതൃത്വം നല്കുന്നത്.
സെൽഫ് ഡ്രൈവിംഗ് വീൽചെയർ റോബോട്ടായ സെൽഫ്-ഇ, തെങ്ങ് കയറി തേങ്ങയിടുന്ന അമരൻ, കൈകളുടെ ചലനത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന വീൽചെയർ റോബോട്ടായ മുദ്ര, ദുരന്തമേഖലയിൽ തിരച്ചിലിനും രക്ഷപ്പെടുത്തലിനുമായി ഉപയോഗിക്കുന്ന പരിപ്രേക്ഷ്യ, സെൽഫ് ഗവേണിംഗ്, മൾട്ടി ടാസ്‌കിംഗ് ഹോം അസിസ്റ്റൻസ് റോബോട്ട് ആയ ചേതക് തുടങ്ങിയവ ഹട്ട് ലാബ്‌സിൽനിന്നുള്ള പ്രധാനപ്പെട്ട റോബോട്ടുകളാണ്.