പൊന്മന: കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 7ന് സിനി ആർട്ടിസ്റ്റ് ഭാമ ഭദ്രദീപം തെളിക്കും. ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന ആയിരത്തിൽപ്പരം കുടിലുകളിലെ ഭക്തർക്ക് പുറമേ പതിനായിരങ്ങൾ ദേവിക്ക് പൊങ്കാലയർപ്പിക്കും. ശർക്കര പായസം, പാൽപ്പായസം, പച്ചരി വറ്റിച്ചത് തുടങ്ങിയവ ഭക്തർ പൊങ്കാലയായി സമർപ്പിക്കും.
പൊങ്കാലക്കലങ്ങൾ കഴിഞ്ഞദിവസം മുതൽ ക്ഷേത്ര മൈതാനത്ത് നിരന്ന് തുടങ്ങി.
ഇന്നലെ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന തൊഴാൻ ആയിരങ്ങളാണ് എത്തിയത്. സമാപന ദിവസമായ ഇന്ന് പന്ത്രണ്ട് വിളക്ക് തൊഴാനും പതിനായിരങ്ങളെത്തും. പാപങ്ങൾക്ക് പ്രായശ്ചിത്തമായും, ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനുമായി പന്ത്രണ്ടുനാൾ മനമുരുകി പ്രാർത്ഥിച്ചതിന്റെ ആത്മനിർവൃതിയിലാണ് ഭക്തർ.
വൈകിട്ട് 7ന് സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആർ. രാമചന്ദ്രൻ എം.എൽ.എ, ഷിബുബേബി ജോൺ, ബിന്ദു കൃഷ്ണ, ടി. മനോഹരൻ, എസ്. രാജേഷ്, അഡ്വ. വി. അനിൽകുമാർ എന്നിവർ സംസാരിക്കും. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് സി. അശോകൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഭരണ സമിതി അംഗം എം.ജി നടരാജൻ ജ്യോത്സ്യർ സ്വാഗതം പറയും. ക്ഷേത്രയോഗം ഖജാൻജി എസ്. സന്തോഷ് കൃതജ്ഞത പറയും.
ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചു തിരുമുടി എഴുന്നള്ളത്തും ദക്ഷയാഗം കഥകളിയും ഗുരുതിമംഗള പൂജയും നടക്കും. തുടർന്ന് നട അടച്ചാൽ പിറ്റേദിവസം ക്ഷേത്രം തുറക്കില്ല.