roa
പുനലൂർ ടൗണിലെ വെട്ടിപ്പുഴ എം.എൽ.എ റോഡിൽ അന്തിമഘട്ട റീ ടാറിംഗ് നടത്തുന്നത് മന്ത്രി കെ.രാജു വിലയിരുത്തുന്നു. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, സി. അജയപ്രസാദ് തുടങ്ങിയവർ സമീപം

 ജനുവരിയിൽ നാടിന് സമർപ്പിക്കും മന്ത്രി കെ.രാജു നിർമ്മാണം വിലയിരുത്തി

പുനലൂർ: പുനലൂർ പട്ടണത്തിലെത്തുന്ന ആറ് റിംഗ് റോഡുകളുടെ നവീകരണം അവസാനഘട്ടത്തിൽ. 2020 ജനുവരിയിൽ മന്ത്രി ജി. സുധാകരൻ റോഡുകൾ നാടിന് സമർപ്പിക്കും. അവസാനഘട്ട മിനുക്കുപണികൾ നടക്കുന്ന റോഡുകൾ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജു സന്ദർശിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്ന് പട്ടണത്തിൽ എത്തുന്ന റോഡുകളാണ് റീ ടാറിംഗ് നടത്തി മനോഹരമാക്കുന്നത്. പാതയോരങ്ങൾ തറയോട് പാകുന്ന ജോലിയും പുരോഗമിക്കുകയാണ്.

രണ്ടാംഘട്ട ടാറിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുദിച്ച 19 കോടിയിൽ അധികം രൂപ ചെലവഴിച്ചാണ് നവീകരണം. പാതയുടെ മദ്ധ്യത്ത് കൂടി സ്ഥാപിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പുലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ ഇട്ട ശേഷമാണ് വെട്ടിപ്പുഴയിലെ എം.എൽ.എ റോഡ് അടക്കമുള്ളവ നവീകരിച്ചത്. എല്ലാ റോഡുകളിലും അഞ്ച് വർഷ ഗ്യാരണ്ടിയോട് കൂടിയ ബി.എം, ബി.സി ഉപയോഗിച്ചുളള ടാറിംഗാണ് നടത്തുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച ശേഷം വീതിയും വർദ്ധിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷമായി ഈ റോഡുകളെല്ലാം തകർന്നുകിടക്കുകയായിരുന്നു. ജനങ്ങളുടെ യാത്രാദുരിതം രൂക്ഷമായതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്.

അടിപ്പാതയിലൂടെയുള്ള റോഡ് നവീകരണം വൈകുന്നു

റെയിൽവേ ഗേജ്മാറ്റത്തിന്റെ ഭാഗമായി മൂന്ന് വർഷം മുമ്പ് പുനലൂർ ചൗക്ക റോഡിൽ നിന്ന് പുനലൂർ പോപ്പർമിൽ - കാര്യറ ഭാഗങ്ങളിലേക്ക് പോകാൻ നിർമ്മിച്ചതും റെയിൽവേ അടിപ്പാതയിലൂടെ കടന്നുപോകുന്നതുമായ റോഡിലെ പുനരുദ്ധാരണം ഇനിയും പൂർത്തിയായിട്ടില്ല. ഇവിടെ ഇന്റർ ലോക്ക് കട്ടകൾ പാകാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി പാറപ്പൊടി ഉറപ്പിച്ച സ്ഥലവും മന്ത്രി സന്ദർശിച്ചു.

6 റോഡുകൾ ഇവയൊക്കെ

01. തൂക്ക്പാലം-ശിവൻകോവിൽ,

02. മാർക്കറ്റ്- പേപ്പർമിൽ,

03. ചെമ്മന്തൂർ-ചൗക്ക,

04. പോസ്റ്റ് ഓഫിസ്-മാർക്കറ്റ്,

05. വൈദേഹി- കച്ചേരി,

06. ചെമ്മന്തൂർ- വെട്ടിപ്പുഴ എം.എൽ.എ

..................................................

പുനലൂർ പട്ടണത്തിലെത്തുന്ന റിംഗ് റോഡുകളുടെ നവീകരണം അവസാന ഘട്ടത്തിലാണ്. അടുത്ത ജനുവരിയിൽ ഇവ നാടിന് സമർപ്പിക്കും. അഞ്ച് വർഷ ഗ്യാരണ്ടിയോട് കൂടിയ ബി.എം, ബി.സി ഉപയോഗിച്ചുളള ടാറിംഗാണ് നടത്തുന്നത്.

മന്ത്രി കെ. രാജു

അവസാനിക്കുന്നത്: 10 വർഷത്തെ ദുരിതം

പദ്ധതി ചെലവ്:19 കോടി രൂപയോളം