victoria

കൊല്ലം: ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രധാന ആശുപത്രിയായ ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് പാമ്പ് കടിയേറ്റ കുട്ടികളെ കൊണ്ടുവരേണ്ട. കാരണം ഇവിടെ പാമ്പിൻ വിഷത്തിനുള്ള ആന്റിവെനമില്ല.

കുട്ടികളുടെ വിഭാഗത്തിനായി പ്രത്യേകം സൗകര്യങ്ങളും ഡിപ്പാർട്ട്മെന്റും നിരവധി ഡോക്ടർമാരും ഉണ്ടായിട്ടും ആന്റിവെനം സൂക്ഷിക്കുന്നതിനോ പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്നതിനോ ഉള്ള സംവിധാനം കാലങ്ങളായി ഇവിടെയില്ല. വയനാട്ടിലെ സ്കൂളിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് വിക്ടോറിയ ആശുപത്രിയിൽ ആന്റിവെനം പോലുമില്ലെന്ന വസ്തുത പുറത്ത് വരുന്നത്.

കുട്ടികൾക്ക് പാമ്പ് കടിയേറ്റ് കൊണ്ടുവന്നാൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. ജില്ലാ ആശുപത്രിയിൽ ആന്റിവെനം ഉണ്ടെങ്കിലും പീഡിയാട്രിക് വിഭാഗം ഇല്ലാത്തതിനാൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിക്കുക ബുദ്ധിമുട്ടാണ്. പിന്നെ ഏതെങ്കിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് മാർഗം.

ഇന്നലെയും പാമ്പ് കടിയേറ്റ 8 വയസുകാരിയെ വിക്ടോറിയയിൽ കൊണ്ടുവന്നിരുന്നു. ആന്റിവെനം ഇല്ലാത്തതിനാൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകാനാണ് ഡോക്ടർമാർ പറഞ്ഞത്. കുട്ടിയെ കടിച്ചത് വിഷം കുറഞ്ഞ പാമ്പായതിനാൽ അത്യാഹിതം സംഭവിച്ചില്ലെന്നത് ആശ്വാസമായി.

 വെന്റിലേറ്റർ, ഐ.സി.യു സൗകര്യവുമില്ല

പീഡിയാട്രിക് വാർഡും മറ്റ് ചികിത്സാ സൗകര്യങ്ങളും ഉണ്ടെങ്കിലും വിക്ടോറിയയിൽ ഐ.സി യൂണിറ്റോ പീഡിയാട്രിക് വെന്റിലേറ്റർ സംവിധാനമോ ഇല്ലാത്തതിനാൽ ആന്റിവെനം സൂക്ഷിക്കാനോ വിഷമേറ്റ കുട്ടികൾക്ക് കുത്തിവയ്പെടുക്കാനോ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കടിച്ചത് ഏത് പാമ്പായാലും കുത്തിവയ്ക്കുന്ന 'പോളിവാലന്റ്" ആന്റിവെനമാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. ചിലർക്ക് കുത്തിവയ്പെടുത്താൽ റിയാക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ചികിത്സിക്കാൻ വെന്റിലേറ്റർ, ഐ.സി.യു സംവിധാനം വേണ്ടിവരും.

'ആന്റിവെനം ജില്ലാ ആശുപത്രിയിലാണുള്ളത്. അപകടത്തിൽ പെട്ട് ട്രോമകെയർ സംവിധാനം ആവശ്യമുള്ള കുട്ടികൾക്കും ജില്ലാ ആശുപത്രിയിലാണ് അതിനുള്ള സൗകര്യം."

ഡോ. സൈജു ഹമീദ്, സൂപ്രണ്ട്, ഗവ. വിക്ടോറിയ ആശുപത്രി