പത്തനാപുരം: സംസ്കരണത്തിനായി പഞ്ചായത്ത് ശേഖരിച്ച മാലിന്യങ്ങൾ ജനവാസമേഖലയിലും ജലാശയങ്ങളിലും വലിച്ചെറിഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. പത്തനാപുരം ഗ്രാമ പഞ്ചായത്തിലെ നടുക്കുന്നിൽ ഹരിതസേനയിലെ സ്ത്രീ തൊഴിലാളികൾ സമാഹരിച്ച മാലിന്യമാണ് കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ പല ഭാഗങ്ങളിലാണ് വാരി നിക്ഷേപിച്ചത്. പഞ്ചായത്ത് പരിധിയിൽ മാലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ഇത് ശേഖരിക്കുന്നതിന് ഇരുപതംഗ ഹരിതസേനയെ നിയമിച്ചത്. ഇവർ ശേഖരിക്കുന്ന മാലിന്യം പ്ലാസ്റ്റിക്കും മറ്റും വേർതിരിച്ച് തമിഴ്നാട്ടിലേക്ക് സംസ്കരണത്തിനായി കയറ്റി അയക്കുകയാണ് പതിവ്. ഇതിനായി പത്ത് ചാക്ക് മാലിന്യങ്ങൾ ഇരപ്പൻ തോടിന് സമീപത്തായി റോഡരുകിൽ സൂക്ഷിച്ചിരുന്നു. ഇതാണ് നടുക്കുന്ന് പഞ്ചായത്ത് പടി റോഡിലും ഇരപ്പൻ തോട്ടിലും വലിച്ചെറിഞ്ഞത്. മാലിന്യവും ചാക്ക് കെട്ടുകളും നിരന്നതിനാൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടുകയും ഹരിതസേന പ്രവർത്തകരെ ഉപയോഗിച്ച് മാലിന്യം വാരിമാറ്റുകയുമായിരുന്നു.