kanam-rajendran
കൊല്ലം സോപാനം ഹാളിൽ നടന്ന എം. എൻ അനുസ്മരണവും കാമ്പിശേരി കാമ്പിശ്ശേരി കരുണാകരൻ അവാർഡ് വിതരണവും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ, സി.പി.ഐ അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി ജി.ലാലു, എൻ. അനിരുദ്ധൻ തുടങ്ങിയവർ സമീപം

കൊല്ലം: ദീർഘ വീക്ഷണമുള്ള ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു എം.എൻ. ഗോവിന്ദൻ നായരെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.എെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.എൻ ഗോവിന്ദൻ നായർ അനുസ്മരണ സമ്മേളനവും കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി ഏർപ്പെടുത്തിയ മികച്ച എഡിറ്റോറിയലിനുള്ള പുരസ്കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിജനോദ്ധാരണ പ്രവർത്തനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയുമാണ് എം.എൻ നേതാവായത്. പട്ടികജാതിക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രതയോടെ ഇടപെടുമായിരുന്നു. ഇന്ന് പട്ടികജാതിക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ എം.എൻ നടത്തിയ ഇടപെടലുകൾ രാഷ്ട്രീയ പ്രവർത്തകർ മാതൃകയാക്കണമെന്നും കാനം പറഞ്ഞു.
മികച്ച എഡിറ്റോറിയലിനുള്ള പുരസ്കാരം മുഹമ്മദ് സുൽഹഫ് ഏറ്റുവാങ്ങി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു അദ്ധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ജോസഫ്.സി. മാത്യു സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, പാർട്ടി ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാൽ, ഡി. സുകേശൻ, ആർ. വിജയകുമാർ, എ. ബിജു, സി.ആർ. ജോസ് പ്രകാശ്, എ. സതീശൻ, പി.എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.