കൊല്ലം: നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് തൊഴിലാളികളുടെ പഴ്സുകൾ മോഷണം പോയി. കൊല്ലം ഡി.സി.സി ഓഫീസിന് എതിർവശത്തുള്ള സ്ഥാപനത്തിന് പിറകിലുള്ള വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ വൈകിട്ട് 3.30നും 5നും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. തൊഴിലാളികൾ ഉടുപ്പുകൾ താഴത്തെ നിലയിൽ ഊരിവച്ച ശേഷം രണ്ടാം നിലയിൽ പണി ചെയ്യുകയായിരുന്നു. 3.30 ഓടെ ചായ കുടിച്ച ശേഷം മുകളിലേക്ക് കയറുന്നത് വരെ ഉടുപ്പുകൾക്കുള്ളിൽ പഴ്സ് ഉണ്ടായിരുന്നു. അഞ്ചേകാലോടെ പണികഴിഞ്ഞ് ഇറങ്ങി വന്ന് ഉടുപ്പുകൾ ധരിക്കാനായി എടുത്തപ്പോഴാണ് പഴ്സുകൾ നഷ്ടമായത് അറിഞ്ഞത്.
ഒരു തൊഴിലാളിയുടെ പഴ്സിൽ 1050 രൂപയും ലോട്ടറിയടിച്ച നാല് ടിക്കറ്റുകളുമുണ്ടായിരുന്നു. നഷ്ടമായ രണ്ടാമത്തെ പഴ്സിൽ 450 രൂപ ഉണ്ടായിരുന്നു. തിങ്കളാഴ്ച നിർമ്മാണം നടക്കുന്ന തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് സമാനമായ തരത്തിൽ തൊഴിലാളികളുടെ പഴ്സുകൾ നഷ്ടമായിരുന്നു. സ്ഥലത്ത് ഏറെ നേരം തമ്പടിച്ച് സാഹചര്യം മനസിലാക്കിയ ശേഷമാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്ന് കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നൽകും.