ഓയൂർ: കോടതി ഉത്തരവുമായി വീട് ജപ്തി ചെയ്യാൻ എത്തിയ ബാങ്ക് അധികൃതർ വീട്ടമ്മയെയും മകളെയും വീടിനുള്ളിലാക്കി വാതിൽ മുദ്രവച്ച് പൂട്ടി സ്ഥലം വിട്ടു. തടിച്ചുകൂടിയ ജനക്കൂട്ടം പൂട്ടുതകർത്ത് വീട്ടമ്മയെയും മകളെയും മോചിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ പൂയപ്പള്ളി-കണ്ണനല്ലൂർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷം സൃഷ്ടിച്ചു. പൊലീസ് ഇടപെട്ട് ഉപരോധക്കാരെ പിൻതിരിപ്പിച്ചു.
പൂയപ്പള്ളി സാമിൽ ജംഗ്ഷന് സമീപം ഷൈൻ കോട്ടേജിൽ തോമസ് മത്തായിയുടെ (ഷൈൻ) വീടാണ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ജപ്തി ചെയ്തത്. യൂകോ ബാങ്കിന്റെ കൊല്ലം ശാഖയിൽനിന്നും ഒന്നര കോടിയിൽപ്പരം രൂപ കിളിക്കൊല്ലൂരിലെ കാഷ്യു ഇൻഡസ്ട്രി നടത്തിപ്പുകാരനായ സിനിലാൽ വായ്പ എടുത്തിരുന്നു. ഇതിനായി അടുത്ത സുഹൃത്തായ തോമസ് മത്തായി വീടും നാല്പത് സെന്റ് സ്ഥലവും ഈടായി നൽകിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലേക്ക് നൽകിയ അപേക്ഷ പരിഗണനയിലിരിക്കേയാണ് ജപ്തി സ്വീകരിച്ചതെന്ന് തോമസ് മത്തായി പറഞ്ഞു.
ബാങ്ക് അധികൃതരും കമ്മിഷനും സ്ഥലത്തെത്തിയപ്പോൾ വീടിന്റെ രണ്ട് വശത്തെയും ഗേറ്റുകൾ പൂട്ടിയ നിലയിലായിരുന്നുവെന്ന് പറയുന്നു. ഗേറ്റിന്റെ പൂട്ട് പൊളിച്ച് ജപ്തി സംഘം കോമ്പൗണ്ടിൽ കയറി വീടിന്റെ വാതിലുകൾ പൂട്ടി സീൽ ചെയ്തു. രണ്ടു ഗേറ്റുകളും ജപ്തി സംഘം സീൽ ചെയ്തു. ജപ്തി സമയത്ത് തോമസിന്റെ ഭാര്യ ശോഭിയും (45) ഇരുപത്തിരണ്ടു വയസുള്ള മകളും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറക്കമുണർന്നപ്പോഴാണ് വീട് പുറത്തുനിന്ന് പൂട്ടിയതായി അറിയുന്നത്. പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ കുടുങ്ങിയ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികളും പൂയപ്പള്ളി പൊലീസും സ്ഥലത്തെത്തി. ബാങ്ക് അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും അവർ സ്ഥലത്തെത്തിയില്ല. കോടതി നടപടിയായതിനാൽ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേതുടർന്നാണ് വൈകിട്ട് ആറു മണിയോടെ ജനക്കൂട്ടം ഗേറ്റിന്റെയും വാതിലിന്റെയും പൂട്ടുകൾ തകർത്ത് ഇരുവരെയും പുറത്തെത്തിച്ചത്. അവശനിലയിലായ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.