കൊട്ടാരക്കര: ജലസേചന വകുപ്പിൽ അസി. എക്സിക്യുട്ടീവ് എൻജിനിയറായിരുന്ന ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചതായും ഭാര്യ പത്രസമ്മേളനത്തിൽ ആരോപിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിലെ അസി.എക്സിക്യുട്ടീവ് എൻജിനിയറായിരുന്ന ഓയൂർ വെളിനല്ലൂർ കരിങ്ങന്നൂർ ചന്ദ്ര വിലാസത്തിൽ എസ്. സുധനന്റെ ആത്മഹത്യയയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നടത്തിയ പത്രസമ്മേളനത്തിലാണ് ഭാര്യയുടെ ആരോപണം.
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിലേക്ക് സ്ഥലംമാറ്റിയതോടെ അവിടെ ഒറ്റമുറിയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു സുധനൻ. കഴിഞ്ഞ സെപ്തംബർ 19ന് വാടക മുറിയിൽ തൂങ്ങി മരിച്ചതായി മണ്ണാർകാട് എസ്.ഐ ഫോണിൽ വിളിച്ച് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.ബന്ധുക്കൾ എത്തും മുമ്പുതന്നെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും പൂർത്തിയാക്കിയിരുന്നു. മുറി പരിശോധിച്ചതിൽ അവിടെ തൂങ്ങി മരണത്തിനുള്ള സാദ്ധ്യത ഇല്ലെന്നും ബന്ധുക്കൾക്ക് ബോദ്ധ്യപ്പെട്ടു.
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതി അരങ്ങേറുന്നതായി ഭർത്താവ് സൂചിപ്പിച്ചിരുന്നതായി ഭാര്യ ദീപ പറയുന്നു. അഴിമതിക്കും കൈക്കൂലിക്കും വഴങ്ങാത്ത സുധനൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു. വലിയ തുകയ്ക്കുള്ള ബില്ലുകൾ ഒപ്പിട്ടു നൽകാത്തതിനെ തുടർന്ന് മേലുദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും ഭീഷണിപ്പെടുത്തിയിരുന്നതായും ഭാര്യ ആരോപിച്ചു. ചെയ്യാത്ത ജോലിക്കാണ് ഇത്തരം ബില്ലുകൾ സമർപ്പിക്കപ്പെട്ടിരുന്നത്.
ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഡി.ജി.പി, പാലക്കാട് എസ്.പി എന്നിവർക്കു പരാതികൾ നൽകിയെങ്കിലും അന്വേഷണം മരവിച്ച നിലയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.