പുത്തൂർ/ അഞ്ചൽ : ഉല്ലാസയാത്രക്ക് വിദ്യാലയങ്ങളിൽ എത്തിയ ലക്ഷ്വറി ബസുകൾ പുറപ്പെടുംമുമ്പ് അപകടരമായ തരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയത് വിവാദമായി. ബസുകൾക്കും ബന്ധപ്പെട്ടവർക്കും എതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തി.
വ്യത്യസ്ത ദിവസങ്ങളിലായിരുന്നു സംഭവം. എന്നാൽ, കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടി തുടങ്ങിയത്.
കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലും അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിലുമാണ് വിദ്യാർത്ഥികളുടെ മുന്നിൽ ബസുകാർ അഭ്യാസ പ്രകടനം നടത്തിയത്. അപകടകരമായ തരത്തിൽ അമിത വേഗത്തിൽ ബസുകൾ വിദ്യാർത്ഥികൾക്ക് ചുറ്റും പായുകയായിരുന്നു.
വിദ്യാധിരാജ സ്കൂളിൽ ടൂറിസ്റ്റ് ബസും അതിനു മുന്നിലായി നിരവധി ബൈക്കുകളും കാറുകളുമാണ് അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിദ്യാർത്ഥികളുടെ ആഹ്ളാദ പ്രകടനമായാണ് ഇത്തരം അഭ്യാസങ്ങൾ കാട്ടുന്നത്.
വെണ്ടാറിലെ സംഭവത്തിൽ ഡ്രൈൈവറുടെ ലൈസൻസ് റദ്ദാാക്കാനും മറ്റു വാഹനങ്ങൾക്കെതിരെ നടപടി എടുക്കുവാനും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഡി. മഹേഷ് നിർദേശം നൽകി. അതേസമയം, ഈ വാാഹനമോടിച്ചവരുമായി സ്ക്കൂളിന് യാതൊരു ബന്ധവുമില്ലെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും സ്ക്കൂൾ മാനേജർ റാണി കൃഷ്ണ ആവശ്യപ്പെട്ടു.
അഞ്ചലിൽ വിദ്യാർത്ഥികളുമായി വിനോദയാത്രപോയ ബസ് ശനിയാഴ്ച മാത്രമേ തിരിച്ചെത്തുകയുള്ളൂ. ബസ് തിരിച്ചെത്തിയാൽ ബന്ധപ്പെട്ടവരിൽ നിന്നു വിശദീകരണം തേടുമെന്നും കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും പുനലൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. ഷരീഫ് പറഞ്ഞു.