ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് പമ്പ ബസ് സർവീസ് തുടങ്ങാത്തതിൽ പ്രതിഷേധിച്ച് ജി.എസ്. ജയലാൽ എം.എൽ.എ ചാത്തന്നൂർ എ.ടി.ഒ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
ശബരിമല മണ്ഡലകാലം തുടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും ചാത്തന്നൂരിൽ നിന്ന് സർവീസ് തുടങ്ങിയിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് പരവൂർ നഗരസഭ പ്രതിപക്ഷ നേതാവ് എ. ഷുഹൈബിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ എ.ടി.ഒയെ ഉപരോധിച്ചിരുന്നു. അന്ന് 27ന് ബസ് സർവീസ് ആരംഭിക്കുമെന്ന് എ.ടി.ഒ ഉറപ്പ് നൽകിയെങ്കിലും കഴിഞ്ഞ ദിവസവും സർവീസ് തുടങ്ങാൻ തയ്യാറായില്ല.
എം.എൽ.എ നിരന്തരം ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചിട്ടും സർവീസ് ആരംഭിക്കാത്ത അധികൃതരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ 11 മണിയോടെ എം.എൽ.എ എ.ടി.ഒ ഓഫീസിൽ എത്തിയത്. സർവീസ് നടത്താൻ തീരുമാനമാകാതെ പോകില്ലെന്ന് അറിയിച്ച എം.എൽ.എ നാല് മണിക്കൂറോളം ഓഫീസിൽ കുത്തിയിരുന്നു. വൈകിട്ട് 3.30ഓടെ ചാത്തന്നൂർ സ്റ്റേഷനിൽ നിന്ന് പൊലീസും സ്ഥലത്തെത്തി.
ഒടുവിൽ കൊല്ലം ഡിപ്പോയിൽ നിന്ന് ഒരു ബസ് പമ്പ സർവീസിനായി ചാത്തന്നൂർ ഡിപ്പോയ്ക്ക് നൽകാമെന്നും ഇത് വ്യാഴാഴ്ച തന്നെ സർവീസ് നടത്താമെന്നും അധികൃതർ ഉറപ്പുനൽകിയതോടെയാണ് എം.എൽ.എ തിരികെ പോകാൻ തയ്യാറായത്.
ചാത്തന്നൂർ - പമ്പ സർവീസ്
ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് വൈകിട്ട് 5.30ഓടെ പുറപ്പെടുന്ന ബസ് ഭൂതക്കുളം ധർമ്മശാസ്താ ക്ഷേത്രം, പരവൂർ പുറ്റിങ്ങൽ ഭഗവതി ക്ഷേത്രം, ചിറക്കര ക്ഷേത്രം വഴി ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിൽ എത്തിച്ചേരുകയും അവിടെ നിന്ന് കുണ്ടറ, കൊട്ടാരക്കര വഴി പമ്പയിൽ എത്തിച്ചേരും. പിറ്റേദിവസം ഉച്ചയോടെ ചാത്തന്നൂർ ഡിപ്പോയിൽ തിരികെ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.