പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ വാർഡ് അംഗം രജികുമാർ നടത്തുന്ന നിരാഹാരം മൂന്ന് കഴിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല. അലിമുക്കിലെ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകനായ വാർഡ് അംഗത്തിന്റെ പ്രതിഷേധം. റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ള ക്ഷാമവും പരിഹരിക്കുക, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക, കൃഷിഭവൻ അലിമുക്കിൽ സ്ഥാപിക്കുക, കുടുംബക്ഷേമ ഉപകേന്ദ്രത്തിനും വില്ലേജ് ഓഫീസിനും പുതിയ കെട്ടിടം നിർമ്മിക്കുക, കുര്യോട്ടുമല ആദിവാസി കോളനിയിലെ ഭവന പദ്ധതി പൂർത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം നടത്തുന്നത്. ആവശ്യങ്ങൾ നടപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് തരും വരെ നിരാഹാരം തുടരുമെന്ന് രജികുമാർ പറഞ്ഞു.