കുന്നത്തൂർ:ഭിന്നശേഷിക്കാരനായ യുവാവിനെയും മാതാപിതാക്കളെയും വീടുകയറി ആക്രമിച്ചതായി പരാതി. കുന്നത്തൂർ കിഴക്ക് കൃഷ്ണ ഭവനിൽ കൃഷ്ണകുമാർ (44), പിതാവ് കവി രാജൻ (70), വിജയമ്മ (64) എന്നിവർക്കാണ് മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ 23ന് രാത്രി 10.30 ഓടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഒരാളാണ് ആക്രമണം നടത്തിയത്. ഇയാൾക്കൊപ്പമെത്തിയ മൂന്നുപേർ പുറത്ത് കാത്തുനിന്നു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഇവരെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആക്രമണത്തിൽ കവി രാജന്റെ ഇടതു കൈവിരലിന് പൊട്ടലുണ്ട്. സമീപവാസികളാണ് ആക്രമണത്തിന് പിന്നിലെന്ന് കാട്ടി കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.