bike-accident

കൊല്ലം: അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഫുട്റെസ്റ്റ് കാലിൽ തുളച്ചുകയറി യുവാവ് ഒരുമണിക്കൂറോളം ദേശീയപാതയിൽ ചോര വാർന്ന് കിടന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദേശീയപാതയിൽ രാമൻകുളങ്ങര ജംഗ്ഷനിലാണ് അപകടം നടന്നത്. മരുത്തടി പള്ളിക്കാവ് സ്വദേശി സഞ്ജയ്‌ കൃഷ്ണ(23)ന്റെ ഇടത് കാൽപാദത്തിലാണ് ബൈക്കിന്റെ ഫുട്റെസ്റ്റ് തുളച്ചുകയറിയത്.

കാവനാട് ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന സഞ്ജയ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ ബൈക്ക് മറിയുകയും ഫുട്റെസ്റ്റ് സഞ്ജയുടെ കാലിലേക്ക് തുളഞ്ഞുകയറുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ഏറെനേരം പരിശ്രമിച്ചെങ്കിലും കാൽ പുറത്തെടുക്കാനായില്ല. യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും കാൽ വേർപെടുത്താനാകാത്തതിനാൽ കാത്തിരിപ്പ് നീണ്ടു. ഈ സമയം സഞ്ജയ് വേദനകൊണ്ട് പുളയുകയായിരുന്നു.

അതേസമയം ചെറിയഴീക്കൽ കായലിൽ കാണാതായ വിദ്യാർത്ഥിയെ രക്ഷപെടുത്താൻ ഇതുവഴി പോകുകയായിരുന്ന ഫയർ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഈ സമയം സ്ഥലത്തുണ്ടായ ഗതാഗതകുരുക്കിൽ കുടുങ്ങിയിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കടപ്പാക്കട ഫയർ യൂണിറ്റ് സ്ഥലത്തെത്തി അരമണിക്കൂർ പരിശ്രമിച്ച് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് തുളച്ചുകയറിയ ഫുട്റെസ്റ്റിന്റെ ഭാഗം ബൈക്കിൽ നിന്ന് വേർപെടുത്തിയത്.

കാലിൽ തുളഞ്ഞുകയറിയ ലോഹഭാഗം സംഭവസ്ഥലത്തു വച്ചുതന്നെ നീക്കി. പിന്നീട് യുവാവിനെ ആംബുലൻസിൽ സ്വകാര്യ മെഡിക്കൽകോളേജിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഒരു മണിക്കൂറിലേറെ സ്തംഭിച്ചു. ശക്തികുളങ്ങര പൊലീസിന്റെ നേതൃത്വത്തിൽ ചിന്നക്കട ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടറോഡുകൾ വഴി കടത്തിവിട്ടു.