കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ തുപ്പാശ്ശേരിൽ ക്ലാേത്ത് സെന്ററിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടത്തിൽ വൻതീപിടിത്തം. രണ്ടും മൂന്നും നിലകളിൽ സൂക്ഷിച്ചിരുന്ന പട്ടുസാരികളും കുട്ടികളുടെ തുണിത്തരങ്ങളും ഉൾപ്പെടെ എല്ലാം അഗ്നിക്കിരയായി. ഏകദേശം ഒന്നരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ തുപ്പാശ്ശേരിൽ വിജയൻ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് എതിർ ദിശയിലുള്ള റോഡിലാണ് തുപ്പാശ്ശേരിൽ ക്ലോത്ത് സെന്റർ. ഉച്ചയോടെ അഗ്നിക്കിരയായ തുണികൾ പൂർണ്ണമായും നീക്കം ചെയ്തു.
ഫയർ ഫോഴ്സിന്റെ തീവ്രപരിശ്രമത്തിൽ വൻദുരന്തമാണ് ഒഴിവായത്. ഇന്നലെ പുർച്ചെ 6 മണിയോടെയാണ് കടയിൽ തീ ആളിപ്പടരുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടത്. കരുനാഗപ്പള്ളി ടൗൺ മസ്ജീദിൽ നമസ്ക്കാരത്തിന് എത്തിയവരും ഇതു കണ്ടു. ഉടൻ കരുനാഗപ്പള്ളി പൊലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചു. ഫയർ ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് എത്തി തീ കെടുത്താൻ തുടങ്ങി. കരുനാഗപ്പള്ളിയിലെ പതിനഞ്ച് ഫയർമാൻമാരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
രക്ഷാ പ്രവർത്തനം
1.തീ ആളിപ്പടരാൻ തുടങ്ങിയതോടെ കായംകുളം, ചവറ, ശാസ്താംകോട്ട, കൊല്ലം, ചാമക്കട എന്നിവിടങ്ങളിൽ നിന്നും 8 ഫയർഫോഴ്സ് യൂണിറ്റുകൾ കുതിച്ചെത്തി.
2. ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ ഫയർമാൻമാർ തീ അണയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തു.
3. കൊല്ലത്തു നിന്നെത്തിയ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ അടുത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാൻ വെള്ളം ചീറ്റിക്കൊണ്ടിരുന്നു.
4. നാലു യൂണിറ്റുകൾ തീ അണയ്ക്കുന്നതിനുള്ള ദൗത്യത്തിൽ ഏർപ്പെട്ടു.
5. രണ്ട് വാട്ടർ ടെന്ററുകളിൽ ചവറ കെ.എം.എം.എൽ ഫാക്ടറിയിൽ നിന്നും വെള്ളം എത്തിച്ചു കൊണ്ടിരുന്നു.
6. ഉപയോഗിച്ചത് 50000 ലിറ്റർ വെള്ളം
7. ഏഴേകാൽ മണിയോടെ തീ പൂർണ്ണമായും നിയന്ത്രണ വിധേയം.
അപായ സാധ്യത
1. സമീപത്തായി വലുതും ചെറുതുമായ ധാരാളം സ്ഥാപനങ്ങൾ.ഇവയിൽ വൻകിട തുണിക്കടകളുമുണ്ട്. ഒരു സ്ഥാപനത്തിനും നാശം സംഭവിച്ചില്ല. ബഷീ ഷൂ ലാൻഡിന്റെ ബോർഡുകൾ കത്തി നശിച്ചു.
കാരണം
തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും അന്വേഷണറിപ്പോർട്ട് ലഭിക്കണം.
കമന്റ്
കത്തിയമർന്ന കടയുടെ ഭാഗങ്ങൾ പുനർ നിർമ്മിക്കണമെങ്കിൽ ആഴ്ചകൾ വേണ്ടിവരും. ഒന്നര കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി കണക്കാക്കുന്നു.
തുപ്പാശ്ശേരിൽ വിജയൻ,
വസ്ത്രശാലയുടെ ഉടമ