photo
ഓച്ചിറ ഗുരുക്ഷേത്രത്തിലെ ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ സമാപന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: എൻ.വാസു ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ നേതാക്കളായ കെ.സുശീലൻ, എ.സോമരാജൻ, എസ്.ശോഭനൻ, കെ.പി.രാജൻ, കെ.ജെ.പ്രസേനൻ എന്നിവർ സമീപം.

കരുനാഗപ്പള്ളി: സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ നവോത്ഥാനത്തിന്റെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ച് ഉയർത്തിയ ഋഷിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രിൽ 12 ദിവസമായി നടത്തി വന്നിരുന്ന ധർമ്മ പ്രചാരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.എൻ.വാസു. കേരളത്തിലെ ഏറ്റവും ശക്തമായ നവോത്ഥാന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. ശ്രീനാരായണ ഗുരുദേവനും എസ്.എൻ.ഡി.പി യോഗവും ഉഴുതു മറിച്ച കേരളത്തിന്റെ മണ്ണിലാണ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ വളർന്നുവന്നത്. കേരളത്തിലെ പൊതു സമൂഹം തിരസ്ക്കരിച്ച പ്രാകൃത സാമൂഹ്യ വ്യവസ്ഥകൾ വീണ്ടും കേരളത്തിന്റെ മണ്ണിൽ കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങൾ പല കേന്ദ്രങ്ങളിലും രൂപം കൊള്ളുന്നുണ്ട്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനരായണ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിക്കാൻ തുടങ്ങിയതോടെ ശ്രീനാരായണ ഗുരു ദേവൻ ലോകത്തിന്റെ ഗുരുവായി മാറുകയാണ്. ഗുരുക്ഷേതത്തിൽ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ യൂണിയൻ ഭാരവാഹികളും ശാഖാ ഭാരവാഹികളും വനിതാ സംഘം യൂത്ത് മൂവ്മെന്റ് നേതാക്കളും പൊന്നാട അണിയിച്ച് സ്വീകരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത യൂണിയന്റെ ഉപഹാരം യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ ചേർന്ന് എൻ.വാസുവിന് കൈമാറി. സമ്മേളനത്തിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ കെ.സുശീലൻ, എ.സോമരാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, സലിംകുമാർ, ക്ലാപ്പന ഷിബു, കള്ളേത്ത് ഗോപി, ബി.കമലൻ, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രേമചന്ദ്രൻ, വനിതാ സംഘം നേതാക്കളായ മധുകുമാരി. സ്മിത, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നീലികുളം സിബു എന്നിവർ പ്രസംഗിച്ചു.