കടയ്ക്കൽ - മടത്തറ റോഡ് ഒന്നര മണിക്കൂർ ഉപരോധിച്ചു
നാട്ടുകാർ നിലവിട്ട് പെരുമാറുമെന്ന് ഉറപ്പായപ്പോൾ പരിശോധനാ സംഘം സ്ഥലം വിട്ടു
കൊല്ലം: ബൈക്ക് യാത്രികനെ പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തിയതിനെതിരെ ജനങ്ങൾ സംഘടിച്ചതോടെ കടയ്ക്കൽ- മടത്തറ റോഡിലൂടെയുള്ള ഗതാഗതം ഒന്നര മണിക്കൂറോളം സ്തംഭിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ ഒരോന്നായി വിശദീകരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ജനങ്ങൾ പിരിഞ്ഞു പോയത്.
കാഞ്ഞിരത്തുംമൂട് വളവിൽ ഒരു മണിക്കൂറോളമായി പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം നാട്ടുകാർ നോക്കി നിൽക്കെയാണ് സിദ്ദിഖിന് നേരെ ലാത്തിയെറിഞ്ഞത്. ലാത്തി പതിച്ച് സിദ്ദിഖ് വീണതോടെ പരിശോധനാ സംഘം പെട്ടെന്ന് രക്ഷാപ്രവർത്തകരായി. നാട്ടുകാർ നിലവിട്ട് പെരുമാറുമെന്ന് ഉറപ്പായതോടെ സാരമായി പരിക്കേറ്റ സിദ്ദിഖിനെ ജിപ്പിൽ കയറ്റി സ്ഥലം വിട്ടു. സംഭവമറിഞ്ഞ് അതുവഴി വ ന്ന യാത്രക്കാർ തന്നെയാണ് ആദ്യം റോഡ് ഉപരോധം തുടങ്ങിയത്. പിന്നീട് സമീപപ്രദേശങ്ങളിലുള്ളവരെല്ലാം സ്ഥലത്തെത്തിയോടെ കടയ്ക്കൽ- മടത്തറ റോഡിലൂടെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
കാഞ്ഞിരത്തുംമൂട് വളവ്
ഹെൽമറ്റ് വേട്ടയുടെ സ്ഥിരം കേന്ദ്രം
കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവ് പൊലീസിന്റെ വാഹന പരിശോധനയുടെ സ്ഥിരം കേന്ദ്രമാണ്. വളവായതിനാൽ ഇരുദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പൊലീസ് സംഘത്തെ കാണാനാകില്ല. പൊലീസ് നിൽക്കുന്നതറിയാതെ വരുന്ന വാഹനയാത്രക്കാർക്ക് മുന്നിലേക്ക് ചാടിവീഴുകയാണ് പതിവ്. പെട്ടെന്ന് പൊലീസിനെ കാണുമ്പോഴുള്ള പരിഭ്രാന്തിയിൽ ഇവിടെ വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടാറുണ്ട്.
ചൂരൽ പ്രയോഗവും ലാത്തിയേറും
സ്ഥിരം കലാപരിപാടി
ഇരുചക്ര വാഹനയാത്രക്കാർക്ക് നേരെ ചൂരൽ പ്രയോഗവും ലാത്തിയേറും കടയ്ക്കൽ പൊലീസിന്റെ സ്ഥിരം പരിപാടിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിർത്താതെ പോകുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ പിന്നാലെ ഓടിയാണ് ചൂരൽ കൊണ്ട് മുതുകത്ത് അടിക്കുന്നത്. കൂടുതൽ അകലത്തിൽ പോകുന്നവർക്ക് നേരെയാണ് ലാത്തിയെറിയുന്നത്.
'' വാഹനപരിശോധന്യക്കിടെ നിർത്താതെ പോകുന്ന വാഹനങ്ങൾ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളെക്കുറിച്ച് തൊട്ടടുത്ത പോയിന്റിൽ വിവരം നൽകണം. അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി നോട്ടീസ് നൽകണം. ഇക്കാര്യങ്ങൾ കഴിഞ്ഞമാസവും സർക്കുലറായി എല്ലാ പൊലീസ് സ്റ്റേഷനിലും നൽകിയിട്ടുള്ളതാണ്. കാഞ്ഞിരത്തുംമൂടിൽ പൊലീസുകാരൻ ബൈക്ക് യാത്രികന് നേരെ ലാത്തിയെറിഞ്ഞെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പുനലൂർ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.
എസ്. ഹരിശങ്കർ (റൂറൽ എസ്.പി)