antivenom

 സ്റ്റോക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സ തേടിയെത്തുന്ന കുട്ടികൾക്ക് ആന്റിവെനം നൽകാൻ ഗവ. വിക്ടോറിയ ആശുപത്രിയിൽ സംവിധാനം ഒരുങ്ങുന്നു. ആശുപത്രിയിൽ ആന്റിവെനം ഇല്ലെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനോട് കാരണം ആരാഞ്ഞിരുന്നു. വിക്ടോറിയയിൽ ആന്റിവെനം ഇല്ലെന്നും വിഷം തീണ്ടി എത്തുന്ന കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നതായും 'കേരളകൗമുദി' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ആശുപത്രി വികസന സമിതിയോഗം അടിയന്തരമായി വിളിച്ചുചേർത്ത് ആന്റിവെനം സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 പത്തോളം ശിശുരോഗ വിദഗ്ദ്ധർ, എന്നിട്ടും......

ജില്ലയിൽ സർക്കാർ മേഖലയിൽ കുട്ടികൾക്കായുള്ള ഏറ്റവും വലിയ ആശുപത്രിയാണ് വിക്ടോറിയ. പീഡിയാട്രിക് വിഭാഗത്തിൽ പത്തോളം ഡോക്ടർമാരും ചികിത്സാ സംവിധാനങ്ങളും ഇവിടെയുണ്ട്. എന്നിട്ടും പാമ്പ് കടിയേറ്റ് ഇവിടെയെത്തുന്ന കുട്ടികളെ ആന്റിവെനം ഇല്ലെന്ന കാരണത്താൽ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നതാണ് പതിവ്. ആന്റിവെനം തൊട്ടുത്ത ജില്ലാ ആശുപത്രിയിലാണുള്ളതെന്നാണ് വിക്ടോറിയ ആശുപത്രി അധികൃതരും ഡോക്ടർമാരും പറയുന്നത്.

കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് വിക്ടോറിയയിൽ എത്തിച്ച എട്ട് വയസുകാരിയെയും ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയച്ചിരുന്നു. ഇന്നലെയും പാമ്പ് കടിയേറ്റ പിഞ്ചുകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ ജില്ലാ ആശുപത്രിയിൽ ശിശുരോഗ ചികിത്സാ വിഭാഗമോ ഡോക്ടർമാരോ ഇല്ല. 12 വയസിന് മേൽ പ്രായമുള്ള കുട്ടികളെ മാത്രമേ ജില്ലാ ആശുപത്രിയിൽ ചികിത്സിക്കുകയുള്ളു.

 ചുമതല ഏറ്റെടുക്കാൻ വിമുഖത

ചുമതലയും ഉത്തരവാദിത്വവും ഏറ്റെടുക്കാനുള്ള വിമുഖത മൂലമാണ് വിക്ടോറിയയിൽ ആന്റിവെനം സ്റ്റോക്ക് ചെയ്യാത്തതെന്നാണ് ആരോപണം ഉയരുന്നത്. ഐ.സി യൂണിറ്റും വെന്റിലേറ്ററും ഇല്ലെന്ന കാരണം പറഞ്ഞാണ് വിക്ടോറിയയിൽ ആന്റിവെനം സ്റ്റോക്ക് ചെയ്യാത്തത്. എന്നാൽ ഐ.സി യൂണിറ്റും വെന്റിലേറ്ററും ഇല്ലാതെ തന്നെ ആന്റിവെനം ചികിത്സ നൽകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒഴിവാകാൻ വേണ്ടി പറയുന്ന ന്യായമാണിതെന്നും വിഷ ചികിത്സയിൽ ആന്റിവെനം ഉപയോഗിക്കുമ്പോൾ 10 ശതമാനത്തോളം കേസുകളിൽ മാത്രമാണ് പ്രശ്ന സാദ്ധ്യതയുള്ളതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

 ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധരും വിക്ടോറിയയിൽ

2010ൽ ജില്ലാ ആശുപത്രിയിൽ രണ്ട് ശിശുരോഗ വിദഗ്ദ്ധരെ നിയമിച്ചിരുന്നു. എന്നാൽ ഇരുവരും വർക്ക് അറേഞ്ച്മെന്റിന്റെ പേരിൽ വിക്ടാറിയയിലേക്ക് ചേക്കേറുകയായിരുന്നു. ഈ തസ്തികകൾ ഇപ്പോഴും വിക്ടോറിയയിൽ തന്നെ നിലനിൽക്കുകയാണ്.

 'ആന്റിവെനം ജില്ലാ ആശുപത്രിയിലാണുള്ളത്. വിക്ടോറിയയിൽ ആന്റിവെനം സംഭരിക്കാത്തതിന്റെ കാരണം അന്വേഷിക്കും. ആന്റിവെനം ചികിത്സ കിട്ടാതെ ഒരുകുട്ടിക്കും അത്യാഹിതം സംഭവിക്കില്ല.'

ഡോ. ഷേർളി, ജില്ലാ മെഡിക്കൽ ഓഫീസർ