കരുനാഗപ്പള്ളി: അമൃത വിദ്യാലയം പുതിയകാവ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അഗ്നിവേശ് ശർമ്മയ്ക്ക് ജൂനിയർ വിഭാഗം വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്ക്കാരമായ രാമൻ യംഗ് സയൻസ് ലഭിച്ചു. സി.വി. രാമന്റെ ബാംഗ്ലൂരിലെ വസതിയായ പഞ്ചവടിയിൽ വെച്ചാണ് അഗ്നിവേശ് ശർമ്മയ്ക്ക് അവാർഡ് സമ്മാനിച്ചത്. രാമൻ അവാർഡ് ദേശീയ ഫൈനലിലേക്ക് പങ്കെടുക്കാൻ സ്കൂളിൽ നിന്ന് അഗ്നിവേശ് ശർമ്മയ്ക്ക് പുറമേ 4 വിദ്യാർത്ഥികൾക്ക് കൂടി അവസരം ലഭിച്ചിരുന്നു. നാലാം ക്ലാസിൽ നിന്നുള്ള ശശാങ്ക് ആർ, ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അനഘ് ബി.ആർ, അരുണിമ വിനോദ്, ഒൻപതാം ക്ലാസിൽ നിന്നുള്ള മധുമതി ആനന്ദ് എന്നിവർക്കാണ് അവസരം ലഭിച്ചത്. ഇന്ത്യയിലാകമാനമുള്ള മൂന്നാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള 13000 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നൂറു വിദ്യാർത്ഥികളാണ് ഫൈനലിൽ കടന്നത്.