uparo
ഏരൂർ വഴി കടന്ന് പോകുന്ന മലയോര ഹൈവേയുടെ നിർമ്മാണം നിറുത്തി വച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പുനലൂരിലെ പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിക്കുന്നു

പുനലൂർ: അഞ്ചൽ - കുളത്തൂപ്പുഴ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഏരൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുകൂടിയുള്ള മലയോര ഹൈവേയുടെ നിർമ്മാണം നിറുത്തി വച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയറെ പുനലൂരിലെ ഓഫീസിലെത്തി ഒന്നര മണിക്കൂറോളം ഉപരോധിച്ചു. ഏരൂർ പൊലീസ് സ്റ്റേഷൻ മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തെ നിർമ്മാണപ്രവർത്തനമാണ് രണ്ട് മാസം മുമ്പ് നിറുത്തി വച്ചതെന്ന് സമരക്കാർ പറഞ്ഞു. നിർമ്മാണം നിറുത്തി വച്ചതോടെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. റോഡിലെ പൊടിപടലങ്ങളുടെ ശല്യം കാരണം കുട്ടികൾക്ക് ക്ലാസ് മുറികളിൽ ഇരുന്ന് പഠിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് കണക്കിലെടുത്താണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർ എൻജിനിയറെ ഉപരോധിച്ചത്. നിർമ്മാണ ജോലികൾ പുനരാരംഭിക്കാം എന്ന എൻജിനിയറുടെ ഉറപ്പിൻമേൽ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് പി.ബി. വേണുഗോപാൽ, മണ്ഡലം പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.