paravur
അനില്‍കുമാറിനെ (സുനില്‍ 38)

പരവൂർ : യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് സഹോദരി രംഗത്തെത്തി. കോട്ടപ്പുറം പുത്തൻവിള വീട്ടിൽ അനിൽകുമാറിനെ (സുനിൽ, 38) കഴിഞ്ഞ മാസം 10 മുതലാണ് കാണാതായത്. സഹോദരി ഗീത പരവൂർ പൊലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. 15 വർഷമായി നഗരത്തിലെ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു. കാണാതാകുന്ന ദിവസം കടയുടമയും ജീവനക്കാരും ചേർന്ന് ഇയാളെ മർദ്ദിച്ചെന്ന് ചിലർ പറഞ്ഞതായി സഹോദരി ഗീത പൊലീസിൽ മൊഴി കൊടുത്തിരുന്നു. ചോദ്യം ചെയ്യലിൽ കടയുടമയും ജീവനക്കാരും കുറ്റക്കാരല്ലെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

പുതിയിടം ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ഇയാളെ പിന്നീട് കണ്ടതായി സൂചന കിട്ടിയെന്ന് പൊലീസ് പറയുന്നു. മറ്റൊരു ദിവസം ഓച്ചിറ ക്ഷേത്രത്തിലും ചിലർ കണ്ടത്രേ.
എന്നാൽ, കണ്ടെന്നു പറയുന്നതിൽ കഴമ്പില്ലെന്നും മറ്റെന്തെങ്കിലും അപകടം സംഭവിച്ചത് പൊലീസ് മറച്ചുവക്കാൻ ശ്രമിക്കുകയാണെന്നും സഹോദരി ആരോപിച്ചു. തനിക്കും ഭർത്താവിനും ചിലരിൽ നിന്ന് ഭീഷണി ഉണ്ടായെന്നും ഗീത പറഞ്ഞു.ഡി.ജി.പിക്കും എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും ആരോപിച്ചു.

ഭീഷണിയെതുടർന്ന് താനും ഭർത്താവും രണ്ടു ദിവസം വീട്ടിൽ വരാതെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ കിടന്നു എന്നും ഗീത പറയുന്നു. അതേസമയം, അന്വേഷണം ഊർജ്ജിതമാണെന്ന് പരവൂർ സി.ഐ എസ്. സാനി പറഞ്ഞു.