navas
ജന്മനാ കിടപ്പു രോഗിയായ മകൻ അൽ - അമീൻ

ശാസ്താംകോട്ട: ജന്മനാ കിടപ്പിലായ മൂത്ത മകനും പറക്ക മുറ്റാത്ത രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് പുലർത്തുന്ന കൊല്ലം ശൂരനാട് വടക്ക് തെക്കേമുറി കുഴിവിള തെക്കേതിൽ അഷ്റഫിന് ബാങ്കിന്റെ ജപ്തി നോട്ടീസ്. രണ്ടാഴ്ചക്കകം മുതലും പലിശയും പിഴപ്പലിശയും ചേർത്ത് 393132 രൂപ അടക്കാത്ത പക്ഷം അഷ്റഫും കുടുംബവും താമസിക്കുന്ന 10 സെന്റ് ഭൂമി കൈവശപ്പെടുത്തി വിൽക്കുമെന്ന നോട്ടീസ് ശാസ്താംകോട്ട സഹകരണ കാർഷിക വികസന ബാങ്കിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചു. ജനിച്ച നാൾ മുതൽ കിടപ്പിലാണ് മൂത്ത മകൻ അൽ അമീനിന്റെ ചികിത്സക്കായാണ് അഷ്‌റഫ് അഞ്ച്‌ കൊല്ലം മുമ്പ് കിടപ്പാടം പണയം വച്ച് മൂന്ന് ലക്ഷം രൂപ വായ്‌പയെടുത്തത്. പല തവണയായി 110000 രൂപ അടച്ചെങ്കിലും ഈ കുടുംബത്തെ ഇറക്കിവിടാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ബാങ്ക്. 10 കൊല്ലം പഴക്കമുള്ള ഒരു ഓട്ടോറിക്ഷ ഓടിക്കിട്ടുന്നതാണ് ഏക വരുമാനം. രണ്ടാമത്തെ മകൾ അൻസൽന പത്താം ക്ലാസ്സിലും ഇളയ മകൻ അൻസൽ ഏഴിലും പഠിക്കുകയാണ്. സുമനസുകളുടെ കൈത്താങ്ങ്‌ ഇല്ലെങ്കിൽ തെരുവിലേക്ക് ഇറങ്ങേണ്ട ദുരവസ്ഥയിലാണ് അഷ്റഫും നബീസയും മൂന്ന് മക്കളും. അൽ അമീന്റെയും ഉമ്മ നബീസയുടെയും പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാസ്താംകോട്ട ശാഖയിൽ 67220101284 നമ്പർ അക്കൗണ്ട് ഉണ്ട്. ഐ.എഫ്.എസ്.സി- SBIN0070450. ഫോൺ നമ്പർ 8921165450.