പുത്തൂർ: വെണ്ടാർ ശ്രി വിദ്യാധിരാജ സ്ക്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയ സ്വകാര്യ ലക്ഷ്വറി ബസിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ബസും കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു.
വെണ്ടാർ ശ്രീവിദ്യാധി രാജ സ്കൂളിലെ വി.എച്ച്.എസ്.സി വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയ ബസ് മടങ്ങി വരവേ എൻഫോഴ്സ് മെന്റ് എം.വി.ഐ ഫിറോസിന്റെ നേതൃത്വത്തിൽ ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസും സംഘം പിടിച്ചെടുത്തു. ബസ് ഓടിച്ചിരുന്ന താഴത്തുകുളക്കട രഞ്ജുഭവനിൽ രഞ്ജു (34), കാറോടിച്ചിരുന്ന നെടുവത്തൂർ പള്ളത്ത് വീട്ടിൽ അഭിഷത്ത് (22) എന്നിവർക്കെതിരെ കേസെടുത്തു. ബസ് പുത്തുർ പൊലീസിന് കൈമാറി. പരിശോധനയിൽ സ്പീഡ് ഗവേണർ അടക്കമുള്ളവ വിഛേദിക്കപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ബസിന്റെ പെർമിറ്റ് റദ്ദാക്കുകയായിരുന്നു.
വാഹന അഭ്യാസത്തിനുപയോഗിച്ച ഒരു ബൈക്കും കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ സ്ക്കൂൾ ഗ്രൗണ്ടിലാണ് സ്വകാര്യ ലക്ഷ്വറി ബസും അകമ്പടിയായെത്തിയ കാറും എട്ട് ബൈക്കുകളും അഭ്യാസ പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കുകയായിരുന്നു.