dyfi
യൂക്കോ ബാങ്ക് കൊല്ലം ശാഖ മാനേജരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചപ്പോൾ

കൊല്ലം: പൂയപ്പള്ളിയിൽ ഗൃഹനാഥയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് ജപ്തി നടപടി പൂർത്തിയാക്കിയ യൂക്കോ ബാങ്ക് നടപടിക്കെതിരെ യൂക്കോ ബാങ്ക് കൊല്ലം ശാഖ മാനേജരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് നീക്കി.

ജപ്തി ചെയ്ത വീട്ടിൽ വീട്ടുടമസ്ഥനെയും കുടുംബത്തെയും താമസിക്കാൻ അനുവദിക്കുക, സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ബാങ്ക് അംഗീകരിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സമരം നടന്നത്. ബാങ്ക് മാനേജർ, സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ തുടങ്ങിയവരുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

സമരത്തിന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. ആരുൺബാബു, പ്രസിഡന്റ് ശ്യാംമോഹൻ, ജി. ഗോപിലാൽ, പി.കെ. സുധീർ, ഷൈൻ കുമാർ, നാസിമുദ്ദീൻ, അനിൽ, രതീഷ്, മനുദാസ്, ദീപു എന്നിവർ നേതൃത്വം നൽകി.