ചവറ : ഇരുചക്രവാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്കുള്ള ശങ്കരമംഗലം - കൊട്ടാരത്തിൽ കടവ് റോഡിൽ അപകടങ്ങൾ പതിവാകുന്നു. വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ച് ഈ പാതയിൽ വാഹനത്തിരക്കേറുകയാണ്. ശങ്കരമംഗലം - കൊട്ടാരത്തിൽ കടവ് റോഡിലെ യാത്ര അപകടം നിറഞ്ഞതാണെന്ന് ക്ഷേത്രത്തിൽ കാൽ നടയായും വാഹനങ്ങളിലും എത്തിച്ചേരുന്നവർ പറയുന്നു. മാത്രമല്ല ഈ ഭാഗത്തേക്കുള്ള റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. യാത്രക്കാരുമായി ക്ഷേത്രത്തിലേക്ക് എത്തുന്ന ഓട്ടോ റിക്ഷകളും വേഗതയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് യാത്രക്കാർ പറയുന്നു. ഗതാഗത നിയന്ത്രണത്തിനായി ക്ഷേത്ര കമ്മിറ്റി ചുമതലപ്പെടുത്തിയ താല്ക്കാലിക ജീവനക്കാർ നല്കുന്ന നിർദ്ദേശങ്ങൾ വാഹനങ്ങളിലെത്തുന്നവർ പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്‌കൂൾ സമയത്താണ് ഇവിടെ കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ ഇവിടെ ട്രാഫിക്ക് പൊലീസിന്റെ സേവനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.