ഓച്ചിറ: വ്രതാനുഷ്ഠാനങ്ങളുടെ വിശുദ്ധിയിൽ പതിനായിരങ്ങൾ പന്ത്രണ്ടു വിളക്ക് തെളിച്ചതോടെ ഓച്ചിറ വൃശ്ചികോത്സവത്തിന് സമാപനമായി. ഇന്നലെ രാവിലെ മുതൽതന്നെ ക്ഷേത്രത്തിൽ അസാധാരണമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത് പ്രദർശന -വിൽപ്പന ശാലകളും , വിനോദ -വിജ്ഞാന കേന്ദ്രങ്ങളുമൊക്ക കാഴ്ചക്കാരെകൊണ്ട് നിറഞ്ഞിരുന്നു. ക്ഷേത്ര ഭരണസമിതി ഭാരവാഹികളും,ഭക്തജനങ്ങളും വൈകിട്ടോടെതന്നെ കൽവിളക്കുകളിൽ എണ്ണ പകർന്നുതുടങ്ങി.വായ്ക്കുരവകളും, നാമജപങ്ങളും, ശരണം വിളികളുംകൊണ്ട് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ 6-30ന് ദീപാരാധന നടന്നു. ഗണപതിനട, കിഴക്ക് -പടിഞ്ഞാറ് ആൽത്തറകൾ, ഒണ്ടിക്കാവ് എന്നിവടങ്ങളിലായിരുന്നു ദീപാരാധന. കൽവിളക്കുകളെ കൂടാതെ നിരവധി അലങ്കാര വിളക്കുകളും മൺചെരാതുകളും പടനിലത്തെ വർണ്ണാഭമാക്കി. വിളക്കുകണ്ട് തൊഴുത് ആരതി വണങ്ങിയ ശേഷമാണ് പർണ്ണശാലകളിൽ ഭജനം പാർത്തുവന്ന ഭക്തജനങ്ങൾ മടങ്ങിയത്.
പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് പൊലീസ് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. യാതാവാഹനങ്ങൾ ഒഴികെയുള്ളവയെ ഓച്ചിറ മേഖലയിൽനിന്നും തിരിച്ചുവിട്ടു. പൊലീസ്, നിർഭയ, എൻ.സി സി ഉൾപ്പെടെ നാനൂറോളം പേരാണ് സുരക്ഷാജോലിക്കായി പടനിലത്തു പ്രവർത്തിച്ചത്.