photo
തുപ്പാശ്ശേരിൽ ക്ലോത്ത് സെന്ററിന്റെ കത്തിയമർന്ന ഭാഗം.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിൽ 6 മാസത്തിനുള്ളിൽ സംഭവിച്ചത് രണ്ട് വൻ തീപിടിത്തങ്ങൾ. തീപിടിത്തത്തിന്റെ കാരണം ഇനിയും അജ്ഞാതം. ആറ് മാസങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളിയിലെ കോട്ടക്കുഴി സൂപ്പർ മാർക്കറ്റ് കത്തിയമർന്നത്. അന്ന് സൂർപ്പർ മാർക്കറ്റ് പൂർണമായും കത്തി നശിച്ചിരുന്നു. പൊലീസും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും വിശദമായ അന്വേഷണം നടത്തി. വൈദ്യുതി തകരാറ് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് ഔദ്യോഗികമായ കണ്ടെത്തൽ. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്ന് സൂപ്പർ മാർക്കറ്റിന്റെ ഉടമയ്ക്കുണ്ടായത്.10 ഓളം വാട്ടർ ടെന്ററുകൾ 5 മണിക്കൂർ നിരന്തരമായി പണിയെടുത്താണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ കരുനാഗപ്പള്ളി നിവാസികളെ ഞെട്ടിച്ച് കൊണ്ടാണ് രണ്ടാമത്തെ തീപിടിത്തം ഉണ്ടായത്. കരുനാഗപ്പള്ളിയിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രമായ തുപ്പാശ്ശേരിൽ ക്ലോത്ത് സെന്ററിന്റെ ഒരു ഭാഗമാണ് കത്തിയമർന്നത്. ഇന്നലെ പുലർച്ചെ 6 മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കടയുടെ രണ്ടും മൂന്നും നിലകളിൽ സൂക്ഷിച്ചിരുന്ന തുണികളാണ് കത്തിയമർന്നത്. 1.50 കോടി രൂപയുടെ തുണിത്തരങ്ങളാണ് കത്തി നശിച്ചതെന്ന് കടയുടമ പറയുന്നു.

വിശദമായ അന്വേഷണം വേണം

തീ പിടിത്തത്തിന്റെ കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതും ഷോർട്ട് സർക്ക്യൂട്ട് മൂലമാണെന്ന് മാത്രം പറയാതെ വിശദമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 15 വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളിയുടെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ലക്ഷ്മി സിൽക്ക് ഹൗസിലും അഗ്നി ബാധയുണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അന്നുണ്ടായത്. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല. കരുനാഗപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങൾ ഇടക്കിടെ അഗ്നിക്കിരയാകുന്നതിനെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.