minnal
കെ.എസ്.ആർ.ടി.സി മിന്നൽ

കൊല്ലം: കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബസുകൾക്ക് കൊട്ടിയത്ത് സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്ര് വരെയുള്ള ബസുകൾക്ക് മാത്രമാണ് നിലവിൽ കൊട്ടിയത്ത് സ്റ്റോപ്പുള്ളത്.

കണ്ണനല്ലൂർ, മയ്യനാട് ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാർ കൊട്ടിയത്തെത്തിയ ശേഷമാണ് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകുന്നത്. ഇതിൽ ദീർഘദൂര യാത്രക്കാർക്ക് സൂപ്പർ ക്ലാസ് ബസുകളിൽ കയറാൻ ചാത്തന്നൂരിലോ കൊല്ലത്തേക്കോ പോകേണ്ട അവസ്ഥയാണ്. ഇത് യാത്രാച്ചെലവ് ഇരട്ടിയാക്കുന്നതിന് പുറമെ സമയ നഷ്ടവും ഉണ്ടാക്കുന്നുണ്ട്.

കൊട്ടിയത്ത് നിന്ന് തിരുവനന്തപുരം, മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്രക്കാരുണ്ട്. ഇതിന് പുറമെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും ദൂരെ സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നുണ്ട്. സൂപ്പർ ക്ലാസ് ബസുകൾക്ക് കൊട്ടിയത്ത് സ്റ്റോപ്പനുവദിച്ചാൽ ഇത്തരം യാത്രക്കാർക്ക് ഏറെ ഗുണകരമാകും. കൊല്ലം, മയ്യനാട് റെയിൽവെ സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ ചെറിയ ഭാഗത്തെയും കെ.എസ്.ആർ.ടി.സിക്ക് ആകർഷിക്കാനാകും.

 "കൊല്ലത്തിനും ആറ്റിങ്ങലിനും ഇടിയിലുള്ള ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് കൊട്ടിയം. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ പ്രതിദിനം എത്തുന്നത്. ഇവിടെ സൂപ്പർ ക്ലാസ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് വിവേചനമാണ്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും."

പി. ലിസ്റ്റൺ (കോൺഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്റ്)

 " കൊല്ലം നഗരം കഴിഞ്ഞാൽ ഏറ്റവുമധികം കച്ചവട സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള സ്ഥലമാണ് കൊട്ടിയം. 21 പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊട്ടിയത്തുണ്ട്. ഇതിന് പുറമെയാണ് പ്രധാനപ്പെട്ട ആശുപത്രികൾ. ഇങ്ങനെയുള്ള സ്ഥലത്ത് സൂപ്പർ ക്ലാസ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്ത കെ.എസ്.ആർ.ടി.സി നടപടി അനീതിയാണ്." എൻ. പ്രസന്നകുമാർ (എസ്.എൻ.ഡി.പി യോഗം കൊട്ടിയം ശാഖ യൂണിയൻ പ്രതിനിധി)